ഒമാൻ : സർക്കാർ സേവനങ്ങളുടെ സർവീസ് ഫീസ് കുറയ്ക്കുന്നു,2023 മുതൽ പുതുക്കിയ ഫീസ് ഘടന പ്രാബല്യത്തിൽ വരും

മസ്‍കറ്റ് : ഒമാനിൽ സര്‍ക്കാര്‍ സേവനങ്ങളുടെ സര്‍വീസ് ഫീസുകള്‍ കുറയ്ക്കുന്നു . ചില സേവനങ്ങളുടെ ഫീസുകള്‍ പൂര്‍ണമായി എടുത്തുമാറ്റുന്നു പുതുക്കിയ ഫീസ് ഘടന 2023ന്റെ ആദ്യ ആഴ്ചകളിൽ രാജ്യത്ത് നിലവിൽ വരുമെന്ന് ഒമാന്‍ ധനകാര്യ മന്ത്രാലയം അറിയിച്ചു .ഒമാനില്‍ നടപ്പാക്കുന്ന ‘ഗവണ്‍മെന്റ് സര്‍വീസസ് പ്രൈസിങ് ഗൈഡിന്റെ’ രണ്ടാം ഘട്ടമാണ് അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ പ്രാബല്യത്തില്‍ വരുന്നത്. സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍, വാണിജ്യ – വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം, പരിസ്ഥിതി അതോറിറ്റി, മുനിസിപ്പാലിറ്റി വിഭാഗം, സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി എന്നിവയുമായി ബന്ധപ്പെട്ട ഫീസുകളിലാണ് ഇളവുകള്‍.സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിലെ 16 സര്‍ഫീസ് ഫീസുകള്‍ കുറയ്ക്കുകയോ റദ്ദാക്കുകയോ സംയോജിപ്പിക്കുകയോ ചെയ്യും. വാണിജ്യ – വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ 127 ഫീസുകളിലും ഇതോടൊപ്പം മാറ്റം വരും. ബൗദ്ധിക സ്വത്തവകാശ സേവനങ്ങളുടെയും, കമ്പനികളുടെയും വ്യക്തികളുടെയും പേറ്റന്റ് രജിസ്‍ട്രേഷന്‍ ഉള്‍പ്പെടെയുള്ളവയുടെയും ഫീസുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. മുനിസിപ്പാലിറ്റി മേഖലയിലെ 109 ഫീസുകളാണ് കുറച്ചത്. നിലവിലുള്ള കടലാസ് ഫോമുകള്‍ നിര്‍ത്തലാക്കി അവയ്ക്ക് പകരം ഡിജിറ്റല്‍ ഫോമുകള്‍ ആക്കും . വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങളും ലഘൂകരിച്ചിട്ടുണ്ട്.