ഒമാൻ: റൂവിയിലെ ചേംബർ ആസ്ഥാനത്തെ മസ്കറ്റ് ഹാളിൽ ചേംബർ ഓഫ് കൊമേഴ്സ് ചെയർമാൻ ശൈഖ് ഫൈസൽ അൽ റവാസിന്റെ രക്ഷാകർതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിലാണ് രണ്ടു ധാരണ പത്രങ്ങൾ ഒപ്പിട്ടത് .കേരളത്തിലെ അരൂരിലുള്ള സമുദ്ര ഷിപ്പ്യാർഡ് ലിമിറ്റഡും – ഒമാൻ ട്രേഡിങ് എസ്റ്റാബ്ലിഷ്മെൻറ് ഗ്രൂപ്പും തമ്മിലാണ് ഒമാനിൽ ബോട്ട് നിർമാണ യാർഡ് സ്ഥാപിക്കുന്നതിനായി ആദ്യ ധാരണാ പാത്രത്തിൽ ഒപ്പിട്ടത് .ഇത് പ്രകാരം ഒരു ദശലക്ഷം ഒമാനി റിയാലാണ് ബോട്ട്യാർഡിനായി ചെലവിടുക. കൂടാതെ മസ്കറ്റ് കേന്ദ്രമായുള്ള സംരംഭകന്റെ കേരളത്തിലുള്ള ബെൽഫാംസ് റിസോർട്ടിലേക്ക് ഹൗസ്ബോട്ട് വാങ്ങുന്നതിനുള്ള ധാരണാപത്രവും ഒപ്പിട്ടിട്ടുണ്ട്. ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ഡയറക്ടർ ബോർഡിലെ ഏക വിദേശിയും മലയാളിയുമായ അബ്ദുൽ ലത്തീഫ് ചെയർമാനായി അടുത്തിടെ നിലവിൽ വന്ന വിദേശ നിക്ഷേപക കമ്മിറ്റിക്ക് കീഴിൽ സംഘടിപ്പിച്ച പ്രഥമ നിക്ഷേപക സെമിനാറാലാണ് ധാരണ പത്രങ്ങൾ ഒപ്പിട്ടത്. ചടങ്ങിൽ ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് ,ഒമാനിലെ മുൻ കാർഷിക-ഫിഷറീസ് മന്ത്രി ഫുആദ് ജാഫർ , വിദേശ നിക്ഷേപക കമ്മിറ്റി ചെയർമാൻ അബ്ദുൽ ലത്തീഫ് ,ഇൻഡോ ഗൾഫ് മിഡിലീസ്റ്റ് ചേംബർ ഓഫ് കൊമേഴ്സ് സ്ഥാപക ഡയറക്ടർമാരിലൊരാളായ ഡേവിസ് കല്ലൂക്കാരൻ , ചെയർമാൻ ഡോ. എൻ.എം ഷറഫുദ്ദീൻ, ഒമാൻ ചാപ്റ്റർ ചെയർമാൻ മുഹിയുദ്ദീൻ മുഹമ്മദ് അലി, മുഹമ്മദ് അമീൻ , ജീവൻ സുധാകരൻ എന്നിവരും പങ്കെടുത്തു .കേരള സംസ്ഥാന വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐ.എ.എസ് മത്സ്യവ്യവസായ മേഖലയുടെ ഇന്ത്യൻ സാധ്യതകളും ചടങ്ങിൽ വിശദീകരിച്ചു.