മസ്ക്കറ്റ്: ഒമാനില്‍ മജിലിസ് ശൂറ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് അവസാനിച്ചു . മികച്ച പോളിങാണ് രേഖപ്പെടുത്തിയത്. ഞായറാഴ്ച പ്രാദേശിക സമയം രാവിലെ എട്ട് മണി മുതല്‍ രാത്രി ഏഴ് വരെയായിരുന്നു വെട്ടെടുപ്പ് നടന്നത്. ഉച്ചക്ക് രണ്ട് മണിക്ക് മുമ്പ് തന്നെ 46.62 ശതമാനം വോട്ടര്‍മാരും സമ്മതിദാന അവകാശം ഉപയോഗിച്ചു.ശൂറ തിരഞ്ഞെടുപ്പിന് ആദ്യമായാണ് ഇ-വോട്ടിംഗ് സംവിധാനം ഏര്‍പ്പെടുത്തിയത്. 883 സ്ഥാനാര്‍ത്ഥികളാണ് മജിലിസ് ശൂറ തിരഞ്ഞെടുപ്പില്‍ ജനവിധി തേടിയത്. ഇതില്‍ 33 പേര് വനിതകളായിരുന്നു. മൊത്തം സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇത്തവണ 116 പേരുടെ വർധനവാണുണ്ടായത്.83 വിലായത്തുകളില്‍ നിന്ന് 90 മജിലിസ് ശൂറ അംഗങ്ങളെയാണ് തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പില്‍ 13,000ത്തിലധികം ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ടർമാരെ നേരില്‍ കണ്ടുളള വോട്ട് അഭ്യര്‍ത്ഥനക്ക് പുറമെ സമൂഹ മാധ്യമങ്ങള്‍ വഴിയുളള പ്രചരണവും ഉണ്ടായിരുന്നു. പ്രചരണത്തിന്റെ ഭാഗമായി സ്ഥാപിച്ച എല്ലാ ബോര്‍ഡുകളും നീക്കം ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയം സ്ഥാനാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്കി. സുപ്രീം ഇലക്ഷന് കമ്മിറ്റിയുടെ വെബ്സൈറ്റിലൂടെയാണ് ഫലപ്രഖ്യാപനം.