ഒമാനില്‍ സ്ത്രീകളുടെ ജോലിവിസക്ക് നിരോധമില്ല

file pic
file pic

ഒമാനില്‍ വിദേശി സ്ത്രീകള്‍ക്ക് ജോലി വിസ നല്‍കുന്നതിന് നിയന്ത്രണം മാത്രമാണുള്ളതെന്നും നിരോധമില്ളെന്നും മാനവ വിഭവശേഷി മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. സ്ത്രീകളുടെ തൊഴില്‍ വിസാ അപേക്ഷകള്‍ പ്രത്യേകം പ്രത്യേകമായാണ് പരിഗണിക്കുകയെന്ന് മന്ത്രാലയം ഉപദേഷ്ടാവ് പറഞ്ഞു.

ചില മേഖലകളില്‍ തൊഴില്‍ വിസ ലഭിക്കുന്നതിന് ഒരുവര്‍ഷത്തോളം കാത്തിരിക്കേണ്ടി വരും. നിര്‍മാണ മേഖല, ചെറിയ ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സ്ത്രീകള്‍ക്ക് വിസ അനുവദിക്കില്ല. സ്ത്രീകള്‍ക്ക് ഒമാനില്‍ ജോലി ചെയ്യാന്‍ നിയമാനുസൃത വിസ അനുവദിക്കുമെന്ന് ഉപദേഷ്ടാവ് സൈദ് അല്‍ സഅദി തറപ്പിച്ചു പറഞ്ഞു. എന്നാല്‍, ഇത് നിയന്ത്രണ വിധേയമായിരിക്കും. ഇത് സ്ത്രീകളെ സംരക്ഷിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് സ്ത്രീകള്‍ക്ക് ജോലി വിസക്ക് ക്ളിയറന്‍സ് നല്‍കാത്തത്. എല്ലാ വിസ അപേക്ഷകളും പ്രത്യേകം പ്രത്യേകമാണ് പരിഗണിക്കുക. അപേക്ഷ ലഭിച്ചാല്‍ കമ്പനിയുടെ വലുപ്പവും അവരുടെ ആവശ്യവും പ്രത്യേകം പഠന വിധേയമാക്കും. നിര്‍മാണ കമ്പനിയിലോ നഗരത്തിലെ സ്റ്റോറിലോ സ്ത്രീകള്‍ക്ക് വിസ നല്‍കേണ്ടതില്ല. ഭൂരിഭാഗവും പുരുഷന്മാരാണ് ഇത്തരം സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നത്. ഇത്തരം സ്ഥാപനങ്ങളില്‍ ഒരു സ്ത്രീക്ക് വിസ നല്‍കേണ്ട ആവശ്യമെന്താണെന്നാണ് മന്ത്രാലയം ചോദിക്കുന്നത്. എന്നാല്‍, വലിയ സ്റ്റോറുകളിലോ കമ്പനികളിലോ സ്ത്രീകള്‍ക്ക് വിസ അനുവദിക്കപ്പെടും. മുന്‍ കാലങ്ങളില്‍ ചെറുകിട സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ അപമാനിക്കപ്പെട്ടതായി പരാതികള്‍ ലഭിച്ചിരുന്നു. അതിനാല്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ഇത്തരം സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ ജോലിചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതുണ്ട്. സാധാരണ ഗതിയില്‍ സ്ത്രീകള്‍ക്ക് ജോലിയെടുക്കാന്‍ ഒമാനില്‍ അനുവാദമുണ്ട്. എന്നാല്‍, സ്ത്രീകള്‍ക്ക് യോജിച്ചതല്ലാത്ത ചില ജോലികളില്‍നിന്ന് സ്ത്രീകളെ സംരക്ഷിക്കുക മാത്രമാണ് നിയമത്തിന്‍െറ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.