സലാല: സലാല തീരത്ത് ചെറുകപ്പൽ മുങ്ങി.കപ്പലിലുണ്ടായിരുന്ന 10 ഇന്ത്യൻ തൊഴിലാളികളെ ഒമാൻ കോസ്റ്റ്ഗാർഡ് രക്ഷപ്പെടുത്തി സലാലയിൽ എത്തിച്ചു. ഒരാളെ കാണാതായിട്ടുണ്ട്. ഗുജറാത്ത് സ്വദേശികളാണ് ഇവരെല്ലാം. ഷാർജയിലെ റുകുൻ അൽ ബഹർ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ലോഞ്ച്.ദുബൈയിൽനിന്ന് 1300 ടൺ സാധനങ്ങളുമായി സോമാലിയയിലേക്ക് പോവുകയായിരുന്നു. സലാല-യമൻ അതിർത്തിയിലെ ഉൾക്കടലിൽ വ്യാഴാഴ്ച അർധരാത്രിയോടെയാണ് ശക്തമായ കാറ്റിനെയും കടൽക്ഷോഭത്തെയും തുടർന്ന് ലോഞ്ച് മുങ്ങിയത്.അൻവർ അബ്ദുൽ ഹമീദ് ബോലിം, ശങ്കർ ഭായ് റാവുജി, അഹമ്മദ് ആദം ബോലിം, റസാഖ് ഇഷാഖ് നൂരി,മുഹമ്മദ് റഫീഖ് ഇഷ ജഫ്റാനി, ഹാറൂൺ ഹഷീദ്, ആദം ഇബ്രാഹീം ഭട്ട്, നൂർ മുഹമ്മദ്, സുൽത്താൻ അബു ഭാട്ടി,അഹ്മദ് ഹനീഫ് ഹുസൈൻ എന്നിവരാണ് രക്ഷപ്പെട്ട തൊഴിലാളികൾ. മുഹമ്മദ് റഫീഖ് കാസിം എന്നയാളെയാണ് കാണാതായത്. വെള്ളത്തിൽ കിടന്നും മറ്റും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട രണ്ടുപേരെ വെള്ളിയാഴ്ച വൈകുന്നേരത്തോടെ സലാല ബദർ അൽ സമ ആശുപത്രിയിലേക്ക് ചികിത്സക്കായി മാറ്റി. ഇന്ത്യൻ എംബസി നിർദേശ പ്രകാരം വെൽഫെയർ ഫോറം പ്രസിഡൻറ് ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള സാമൂഹിക പ്രവർത്തകർ ഒൗഖത്ത് പൊലീസ് സ്റ്റേഷനിലുള്ള തൊഴിലാളികളെ സന്ദർശിച്ചു.ഇവരുടെ ഭക്ഷണം, താമസം തുടങ്ങിയ കാര്യങ്ങളും ഒൗട്ട്പാസിന് വേണ്ട ഡോക്യുമെന്റെഷൻ ജോലികളും വെൽഫെയർ ഫോറം ജനറൽ സെക്രട്ടറി എ.കെ.വി ഹലീം, ജനസേവന വിഭാഗം കൺവീനർ സൈനുദ്ദീൻ പൊന്നാനി എന്നിവർ ഏറ്റെടുത്ത് നടത്തി.