മസ്കറ്റ് : വിദേശത്തുനിന്ന് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ഒമാനി പൗരന്മാരുടെ എണ്ണത്തിൽ വർധന. 2018 ജനുവരി മുതൽ ഈ വർഷം മാർച്ച് വരെ ഈ വിഭാഗത്തിൽ 1068 അപേക്ഷകളാണ് ലഭിച്ചതെന്ന് സാമൂഹിക വികസന മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു
അപേക്ഷകരിൽ കൂടുതൽ പേരും തങ്ങളുടെ വിവാഹം ഒമാന് പുറത്ത് നടത്താനാണ് താൽപര്യപ്പെടുന്നത്. ഈ വർഷത്തെ ആദ്യപാദത്തിൽ മാത്രം കഴിഞ്ഞവർഷത്തെ അപേക്ഷകളുടെ പകുതിയോളം ലഭിച്ചുകഴിഞ്ഞു.കഴിഞ്ഞ വർഷം 696 അപേക്ഷകളും ഈ വർഷത്തെ ആദ്യപാദത്തിൽ 390 അപേക്ഷകളുമാണ് ലഭിച്ചതെന്ന് മന്ത്രാലയം വക്താവ് പറഞ്ഞു. ഇത്തരം വിവാഹങ്ങൾ സംബന്ധിച്ച രാജ്യത്തിന്റെ നിയമങ്ങളെയോ വ്യവസ്ഥകളെയോ കുറിച്ച് വ്യക്തമായ ധാരണയില്ലാതെയും ഗുണദോശങ്ങളെ കുറിച്ച് മനസ്സിലാക്കാതെയുമാണ് പല വധൂവരന്മാരും അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ഒമാനിൽ വിവാഹ സമയത്ത് സ്ത്രീകൾക്ക് വലിയ തുക മഹറായി നൽകേണ്ടതിനാലാണ് പുറത്തുനിന്ന് പങ്കാളികളെ തേടുന്നതെന്നാണ് പല പുരഷന്മാരും പറഞ്ഞത്.വിദേശികളുമായുള്ള വിവാഹത്തെ കുറിച്ച് പലർക്കും തെറ്റായ ധാരണകളാണുള്ളത്. കൂടിക്കാഴ്ചയിൽ ഇത്തരം വിഷയങ്ങൾ വ്യക്തമാക്കി നൽകിയതോടെ നിരവധിപേർ അപേക്ഷകൾ പിൻവലിച്ചതായി വക്താവ് പറഞ്ഞു. വിവാഹത്തിന്റെ അടിസ്ഥാനം പങ്കാളിയുടെ ശരിയായ തെരഞ്ഞെടുപ്പാകണം. അപേക്ഷകരുമായി സംസാരിച്ചശേഷം അവരുടെ വിവാഹ സങ്കൽപങ്ങൾ മനസ്സിലാക്കുകയും മതിയായ മാർഗനിർദേശങ്ങൾ നൽകുകയുമാണ് മന്ത്രാലയത്തിന്റെ ദൗത്യമെന്നും വക്താവ് പറഞ്ഞു. 2018ൽ അപേക്ഷ നൽകിയവരിൽ 339 പേരാണ് വിദേശികളെ വിവാഹം കഴിച്ചത്. ഇതിൽ 61പേർ മാത്രമാണ് സ്ത്രീകൾ. 2016ൽ 328 പേരാണ് വിദേശത്തുനിന്ന് കല്യാണം കഴിച്ചത്. ഇൗവർഷം മാർച്ച് വരെ ലഭിച്ച അപേക്ഷകളിൽ 29 എണ്ണമാണ് സ്ത്രീകളുടേതായി ഉള്ളത്. 339 അപേക്ഷകളിൽ കൂടുതലും മസ്കത്തിൽനിന്നാണ്. 103 അപേക്ഷകളാണ് മസ്കത്തിൽനിന്ന് ലഭിച്ചത്.കഴിഞ്ഞ പത്തുവർഷമായി വിദേശത്തുനിന്ന് വിവാഹം കഴിക്കാൻ അനുമതി ആവശ്യപ്പെട്ടുള്ള അപേക്ഷകളുടെ എണ്ണത്തിൽ വർധന ദൃശ്യമാണെന്ന് മന്ത്രാലയത്തിലെ ഫാമിലി കൗൺസലിങ് സ്പെഷലിസ്റ്റ് ആയ അഹ്മദ് അൽ ശബീബി പറയുന്നു. 30വയസ്സിനും 49 വയസ്സിനുമിടയിൽ പ്രായമുള്ളവരാണ് അപേക്ഷകരിലേറെയും. വിവാഹമോചിതരിൽ കൂടുതലും പുരുഷന്മാരുമാണ്.