മസ്കറ്റ്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രവാസി സംഘടനയായ സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി) ഒമാൻ നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഉംറ സർവീസിന് തുടക്കമായി. പ്രവാസികൾക്ക് കുറഞ്ഞ ചിലവിൽ പരമാവധി സൗകര്യങ്ങൾ ഉറപ്പുവരുത്തിയാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.പ്രഗത്ഭരായ പണ്ഡിതന്മാരുടെ നേതൃത്വത്തിൽ നടത്തുന്ന പഠന ക്ലാസ്സുകളും മാർഗനിർദ്ദേശങ്ങളുമാണ് ഈ യാത്രയുടെ പ്രധാന സവിശേഷത. ആദ്യ സംഘത്തിൽ ഒമാനിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 52 തീർത്ഥാടകരാണുള്ളത്. നൗഫൽ അൻവരി അമീറായും, മോയിൻ ഫൈസി അസിസ്റ്റന്റ് അമീറായും, മുസ്തഫ നിസാമി കോർഡിനേറ്ററായും യാത്രയ്ക്ക് നേതൃത്വം നൽകുന്നു.മസ്കറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങ് എസ്.ഐ.സി ഒമാൻ നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷുക്കൂർ ഹാജി ഉദ്ഘാടനം ചെയ്തു. യൂസുഫ് ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ചടങ്ങിൽ സഈദലി ദാരിമി, ഇമ്പിച്ചാലി ഉസ്താദ്, റഫീഖ് നിസാമി, സലാം ഹാജി ബറക, ഫാറൂഖ് സാഹിബ് മുസന്ന, ജലീൽ ഹാജി, ഹമീദ് ഹാജി ഷരീഫ് അൽ ഹൈൽ, മുഹമ്മദലി ഹാജി സീബ്, സകരിയ ഹാജി സീബ്, അൻസാർ ബിദായ, സൽമാൻ കദറ, ഫൈസൽ ഫൈസി, ഷബീർ ഫൈസി, നൗഫൽ സീബ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.എല്ലാ മാസവും ഉംറ സർവീസുകൾ സംഘടിപ്പിക്കുമെന്നും, അടുത്ത യാത്ര ജനുവരി 21-ന് പുറപ്പെടുമെന്നും ഭാരവാഹികൾ അറിയിച്ചു.








