മനാമ: സാമൂഹ്യ പ്രവർത്തന രംഗത്തെ മലയാളി സാന്നിധ്യവും ബഹറിനിലെ റോളക്സ് വാച്ച് വിതരണ രംഗത്തെ വ്യവസായ സംരംഭകനുമായിരുന്ന എം. പി. രഘുവിന്റെ (എം. പി.രാമനാഥൻ 68 വയസ്സ് ) ദേഹ വിയോഗത്തിൽ ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി അനുശോചനം രേഖപ്പെടുത്തി. സൗമ്യനും കൃത്യനിഷ്ഠയോടെയുള്ള ജീവിത ശൈലിക്കുടമയുമായിരുന്ന എം.പി. രഘുവിന്റെ വിയോഗം സാമൂഹിക- സാംസ്കാരിക രംഗത്തിന് വലിയ നഷ്ടമാണെന്ന് ഭാരവാഹികൾ പുറത്തിറക്കിയ പത്രക്കുറിപ്പിൽ എടുത്തു പറഞ്ഞു.ബഹറിൻ കേരളീയ സമാജത്തിൽ, അദ്ദേഹത്തിന്റെ കാലയളവിൽ ഒപ്പം ഉണ്ടായിരുന്ന SNCS മുൻ ഭരണസമിതി അംഗങ്ങൾ, അദ്ദേഹത്തിന്റെ ഭരണപടവത്തിൽ ഉണ്ടായിരുന്ന മേന്മകൾ, സൂചിപ്പിച്ചുകൊണ്ട് അനുശോചനമറിയിച്ചു. കേരള സമാജം ഭരണസമിതി അംഗം കൂടിയായിരുന്ന SNCS ജനറൽ സെക്രട്ടറി വി. ആർ. സജീവൻ, ഇന്നലെ (10-06-2023) അനുശോചന സന്ദേശം എല്ലാ അംഗങ്ങൾക്കും വിതരണം ചെയ്തു. ചെയർമാൻ ശ്രീ സുനീഷ് സുശീലന്റെ അധ്യക്ഷതയിൽ ഓൺലൈൻ ആയി ചേർന്ന അനുശോചന യോഗത്തിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും ആത്മാവിന് നിത്യശാന്തി നേരുന്നതായും അറിയിച്ചു.