ഒമാൻ: അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് സേവ് ഒഐസിസി ഒമാൻ സർവ്വമത പ്രാർത്ഥനയും അനുശോചന യോഗവും സംഘടിപ്പിച്ചു. മൗന പ്രാർത്ഥനയോടെ തുടങ്ങിയ ചടങ്ങിൽ എറിക്, മഹാദേവ്, ഫാത്തിമ തുടങ്ങിയവർ സർവ്വമത പ്രാർത്ഥന നടത്തി. ഒമാനിലെ വിവിധ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖ പങ്കെടുത്ത അനുശോചനം അറിയിച്ചു. നാഷണൽ പ്രസിഡണ്ട് അനീഷ് കടവിൽ ന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെഎംസിസി പ്രതിനിധി അമീർ കരുവാട്ട്, കൈരളി പ്രതിനിധി സി വി വിജയൻ, മൈത്രി പ്രതിനിധി ജയൻ, വെൽഫെയർ പാർട്ടി പ്രതിനിധി അബ്ദുൽ അസീസ്, RSP പ്രതിനിധി രഞ്ജിത്ത് ശങ്കർ, ആൽബഹ്ജ ബുക്ക്സ് ഷൗക്കത്, ഒമാൻ മീഡിയ ഫോറം പ്രതിനിധി OK മുഹമ്മദലി, ഒഐസിസി ഗ്ലോബർ സെക്രട്ടറി കുര്യാക്കോസ് മാളിയേക്കൽ, ഉപദേശക സമിതി വൈസ് ചെയർമാൻ ഷഹീർ അഞ്ചൽ തുടങ്ങിയവർ അനുശോചന പ്രഭാഷണം നടത്തി. ഒഐസിസി യും ഉമ്മൻ ചാണ്ടിയുമായി ഉള്ള ദീർഘനാളത്തെ ബന്ധത്തെ ഓർത്തെടുക്കുവാൻ കൂടി അനുശോചന സദസ്സ് വേദിയായി.ഉമ്മൻ ചാണ്ടി എന്ന കോൺഗ്രസ് നേതാവിനേക്കാളുപരി കേരളത്തിന്റെ സർവ്വരുടെയും അത്താണി ആണ് നഷ്ടമായിരിക്കുന്നത്, അതിന്റെ തെളിവാണ് കഴിഞ്ഞ മൂന്ന് ദിവസമായി നാം കാണുകയും അറിയുകയും ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അധ്യക്ഷപ്രസംഗത്തിൽ അനീഷ് കടവിൽ പറഞ്ഞു. ഉമ്മൻ ചാണ്ടി വിട വാങ്ങിയെങ്കിലും അദ്ദേഹം തെളിച്ച വെളിച്ചം കെടാതെ നിലനിൽക്കുമെന്നും, അത് തലമുറകളിലേക്ക് കൈ മാറേണ്ടത് എല്ലാ കോൺഗ്രെസ്സുകാരുടെയും ഉത്തരവാദിത്വമാണ്, അതിനായി സേവ് ഒഐസിസി ഒമാൻ പ്രതിഞ്ജാബദ്ധമാണെന്നും അഭിപ്രായപ്പെട്ടു.ചടങ്ങിന് സേവ് ഒഐസിസി നാഷണൽ സെക്രട്ടറി പ്രിട്ടോ സാമുവൽ സ്വാഗതവും ട്രഷറർ സതീഷ് കണ്ണൂർ നന്ദിയും പറഞ്ഞു. ഹൈദ്രോസ് പതുവന, ഹംസ അത്തോളി, നിധീഷ് മാണി, നൂർദുദ്ധീൻ പയ്യന്നൂർ, റാഫി ചക്കര, മനോഹരൻ ചെങ്ങളായി, അജീഷ് സാംബശിവൻ, ഹമീദ് തുടങ്ങിയവർ നേതൃത്വം നൽകി.