ബഹ്റൈൻ : ഇന്ത്യൻ രാഷ്ട്രീയത്തിലെ എളിമ നിറഞ്ഞ വ്യക്തിത്വത്തിന് ഉടമയായ മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ദേഹവിയോഗം കേരളത്തിന് തീരാനഷ്ടമാണെന്ന് അൽ നമൽ ആൻഡ് വി.കെ.എൽ ഗ്രൂപ് ചെയർമാൻ വർഗീസ് കുര്യൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കേരള രാഷ്ട്രീയത്തിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച ഉമ്മൻ ചാണ്ടിയുടെ ജീവിതം വരുംതലമുറക്ക് പാഠപുസ്തകമാണ്. സാധാരണക്കാരുടെ പ്രശ്നങ്ങളിൽ എന്നും നിലകൊണ്ട ഉമ്മൻ ചാണ്ടി രാഷ്ട്രീയരംഗത്ത് ഒരു അത്ഭുത പ്രതിഭാസമാണ്. അദ്ദേഹവുമായി വളരെ വർഷത്തെ പരിചയമുണ്ട്. ബഹ്റൈനിൽ പലതവണ എത്തിയപ്പോഴും നേരിട്ട് ബന്ധം പുതുക്കാൻ സാധിച്ചിട്ടുണ്ട്.ജനസമ്പർക്ക പരിപാടിയിലൂടെയുള്ള ജനകീയമായ പ്രവർത്തനത്തിന് ഐക്യരാഷ്ട്രസഭ ബഹ്റൈനിൽവെച്ച് ഉമ്മൻ ചാണ്ടിക്ക് ആദരവ് നൽകിയ ചടങ്ങുകളിൽ അദ്ദേഹത്തോടൊപ്പം പങ്കെടുക്കാൻ സാധിച്ച ഓർമകൾ ഇന്നും ഊഷ്മളമായി മനസ്സിൽ തങ്ങിനിൽക്കുന്നു. ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അൽ നമൽ ആൻഡ് വി.കെ.എൽ ഗ്രൂപ്പ് ചെയർമാൻ വർഗീസ് കുര്യൻ പറഞ്ഞു .