മനാമ : ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നാട്ടിലേക്ക് വരുവാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ യാത്ര മുടക്കുവാൻ തക്ക രീതിയിൽ നിയമ നടപടികൾ സ്വീകരിക്കുന്ന സംസ്ഥാന സർക്കാർ നിലപാടുകൾ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടേറിയേറ്റ് ന് മുൻപിൽ നടത്തിയ സമരത്തിന് ബഹ്‌റൈൻ ഒഐസിസി പിന്തുണ അറിയിച്ചു ഒഐസിസി ഓഫീസിൽ നേതാക്കൾ ചേർന്നു. സംസ്ഥാന സർക്കാർ എടുക്കുന്ന നടപടികൾ എല്ലാ പ്രവാസികൾക്കും ബുദ്ധിമുട്ട് ഉളവാക്കുന്നതാണ്.ഇന്ത്യയിൽ മറ്റ് ഒരു സംസ്ഥാനത്തും ഇങ്ങനെ പ്രവാസികളെ ദ്രോഹിക്കുന്ന നടപടികൾ സ്വീകരിച്ചിട്ടില്ല. കോവിഡ് രോഗം വളരെ വലിയ തോതിൽ വ്യാപിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലേക്ക് ഫ്ളൈറ്റിൽ വരുന്നതിന് ഒരു പരിശോധനയും നിർബന്ധമില്ല, സംസ്ഥാന സർക്കാർ പറയുന്ന രീതിയിൽ കോവിഡ് പരിശോധന സർട്ടിഫിക്കേറ്റ് ലഭ്യമാക്കാൻ വളരെ വലിയ കടമ്പകളാണ് കടക്കേണ്ടത്. ഇന്ത്യൻ എംബസി എല്ലാ രാജ്യങ്ങളിലെയും ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് നമ്മുടെ ആവശ്യമുള്ള ടെസ്റ്റ് കൾ അവതരിപ്പിക്കുകയും, അതിന് അംഗീകാരം വാങ്ങുകയുമാണ് ചെയ്യണ്ടത്. തിരുവന്തപുരത്തു നിന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചാൽ ഗൾഫ് രാജ്യങ്ങളിലെ ആരോഗ്യ വകുപ്പ് അത് അംഗീകരിക്കണം എന്നില്ല. കേന്ദ്ര സംസ്ഥാന സർക്കാരുകൾ പരമാവധി ആളുകളെ എത്രയും പെട്ടെന്ന് നാട്ടിൽ എത്തിക്കാനാണ് ശ്രമിക്കേണ്ടത്. അതിന് ആവശ്യമുള്ള ഫ്ലൈറ്റ്കൾ ഗവൺമെന്റുകൾ ക്രമീകരിക്കാതെ വന്നപ്പോൾ ആണ് പ്രവാസി സംഘടനകൾ ചാർട്ടേഡ് ഫ്ലൈറ്റ്കൾ എന്ന ആവശ്യവുമായി മുന്നോട്ട് പോയത്. അതിന് അംഗീകാരം ലഭിച്ചു എങ്കിലും നടപ്പാക്കാൻ സാധിക്കാത്ത നിബന്ധനകൾ ആണ് സർക്കാരുകൾ മുന്നിട്ട് വയ്ക്കുന്നത്. തെർമൽ പരിശോധന നടത്തി എല്ലാ ആളുകളെയും നാട്ടിൽ എത്തിച്ചതിന് ശേഷം നാട്ടിലെ എയർപോർട്ടിൽ വിശദമായി പരിശോധന നടത്തി ആരെങ്കിലും രോഗികൾ ഉണ്ടെങ്കിൽ അവരെ അടുത്ത ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയും, മറ്റുള്ളവരെ ക്വറന്റൈൻ സൗകര്യം ഉള്ള വീടുകളിലോ, മറ്റ് ക്വറന്റൈൻ സെന്റർകളിലേക്കോ മാറ്റുകയാണ് ചെയ്യണ്ടത്. ഇങ്ങനെയാണ് കേരളത്തിന് പുറത്തുള്ള മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ആളുകൾ എത്തുന്നത്. ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിൽ എത്തുന്നതിനു തുല്യമായ സമയമാണ് കൽക്കത്ത, മുംബൈ, ഡൽഹി തുടങ്ങി കോവിഡ് വളരെ വ്യാപകമായ സംസ്ഥാനങ്ങളിലെ എയർപോർട്ടിൽ നിന്ന് നാട്ടിൽ എത്തുവാൻ എടുക്കുന്നത്. ഈ യാത്രക്കാർ വിമാനത്താവളങ്ങളിൽ നിന്ന് ഒരു പരിശോധനയും ഇല്ലാതെയാണ് നാട്ടിൽ എത്തിച്ചേരുന്നത്. വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്ന എല്ലാ പ്രവാസികളെയും കോവിഡ് വാഹകർ എന്ന നിലയിൽ കാണുന്നത് വളരെ വിഷമകരായ കാര്യമാണ്. കോവിഡിന്റെ ആരംഭകാലം മുതൽ തന്നെ തൊഴിൽ നഷ്ടപ്പെട്ട ആളുകളും, വിസിറ്റിംഗ് വിസയിൽ എത്തിയ ആളുകളും, ഗർഭിണികളും നാട്ടിൽ പോകാൻ ആഗ്രഹിച്ചു. അതിന് വേണ്ട കാര്യങ്ങൾ ചെയ്യ്തു കൊടുക്കേണ്ട സർക്കാരുകൾ ആണ് ഈ പ്രതിസന്ധിക്ക് കാരണം. ഇന്ത്യൻ പാസ്പോർട്ട് ഉള്ള ആളുകൾ എങ്ങോട്ടാണ് പോകേണ്ടത് എന്ന് പറയാൻ അധികാരികൾ ബാധ്യസ്ഥർ ആണ്. ജോലി നഷ്ടപ്പെട്ട ആളുകളുടെ കാര്യങ്ങൾ വളരെ ബുദ്ധിമുട്ട് ആണ്, പലരും തങ്ങളുടെ ഫ്ലാറ്റുകളും, നിത്യോപയോഗ സാധനങ്ങളും ഉപേക്ഷിക്കുകയോ, മറ്റ് ആളുകൾക്ക് കൈമാറ്റം ചെയ്യുകയോ ചെയ്തു കഴിഞ്ഞു. ചിലർക്ക് ഈ മാസം മാത്രമേ തങ്ങളുടെ റൂമുകളിൽ താമസിക്കാൻ സാധിക്കു. ഇങ്ങനെ വളരെ വലിയ ബുദ്ധിമുട്ട്കൾ ആണ് പ്രവാസികൾ അനുഭവിക്കുന്നത്. ഈ സാഹചര്യത്തിൽ നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന എല്ലാ ആളുകളെയും എത്രയും വേഗം നാട്ടിൽ എത്തിക്കണം എന്ന് ഒഐസിസി നേതാക്കൾ അഭിപ്രായപ്പെട്ടു.