മസ്കത്ത്: ഒമാനിലെ നാല് പ്രവാസി മലയാളികള്‍ ചേര്‍ന്ന് നിര്‍മിച്ച ആല്‍ബം പ്രകാശനവും ആള് ഇന്ത്യ യുനൈറ്റഡ് അസോസിയേഷന് ഓണാഘോഷവും ഈ മാസം ഒമ്പതിന് നടക്കും. വാദി കബീര്‍ ക്രിസ്റ്റല്‍ സ്യൂട്ട് റൂബി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ സംഗീത സംവിധായകന് ബിജിപാല്‍ ആല്‍ബം പ്രകാശനം ചെയ്യും. സിനിമാ താരങ്ങളായ നെല്സന് അവതരപ്പിക്കുന്ന കോമഡി ഷോയും ഷംന കാസിമിന്റെ നൃത്തവും പരിപാടിയുടെ ഭാഗമായി അരങ്ങേറും. വൈകുന്നേരം ആറ് മുതല്‍ രാത്രി 11.30 വരെയാണ് പരിപാടി. ഒമാനില്‍ പൂര്‍ണമായും ചിത്രീകരിച്ചിരിക്കുന്ന ആല്‍ബം പ്രവാസികള്‍ക്കുള്ള ഓണ സമ്മാനമായിരിക്കുമെന്ന് പാട്ടുകളുടെ രചന നിര്‍വഹിച്ച വിനോദ് വിജയകുമാര്‍ പറഞ്ഞു. ആള് ഇന്ത്യ യുനൈറ്റഡ് അസോസിയേഷന്റെ പിന്തുണയോടെ ഒരുക്കിയ ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നതെല്ലാം ഒമാനില്‍ നിന്നുള്ള മലയാളികളാണ്. വിനോദ് വിജയകുമാര്‍, ഗോപി, പ്രസാദ്, വേലായുധന്, വീണ ഹരീഷ്, സുബൈര്‍, അനൂപ് മേനോന്, രമേഷ് ശിവശങ്കര്‍, രതീഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.