ബഹ്റൈൻ : അന്തരീക്ഷ താപം ഉയരുന്ന സാഹചര്യത്തിൽ , നേരിട്ടുള്ള സൂര്യപ്രകാശത്തിലും തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്യുന്നതിനുള്ള നിരോധനം ഉച്ചക്ക് 12 മുതൽ വൈകുന്നേരം 4 വരെ ഏർപ്പെടുത്തുമെന്ന് ബഹ്റൈൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. ജൂലൈ ഒന്നുമുതൽ രണ്ടു മാസത്തേക്കാണ് നിരോധനം . തൊഴിലാളികളെ സംരക്ഷിക്കുക, ചൂട് സമ്മർദ്ദം, സൂര്യാഘാതം, വിവിധ വേനൽക്കാല രോഗങ്ങൾ എന്നിവയിൽ നിന്ന് അവരുടെ സുരക്ഷ ഉറപ്പാക്കുക, വർഷത്തിലെ ഏറ്റവും ചൂടേറിയ മാസങ്ങളിൽ തൊഴിൽ അപകടങ്ങൾ കുറയ്ക്കുക എന്നിവയാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത് . തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യം വച്ചാണ് നിയമം നടപ്പിലാക്കുന്നതെന്നും തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ അറിയിച്ചു . ഉച്ച വിശ്രമ നിയമം ഏർപെടുത്തുന്നതോടെ അന്തരീക്ഷ താപം ഉയരുമ്പോൾ സംഭവിക്കുന്ന അപകടങ്ങളിൽ കുറവാണു രേഖപെടുത്തുന്നതെന്നും അദ്ദേഹം അറിയിച്ചു . കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ ബഹ്റിനിലെ 98 % കമ്പനികളും നിയമം പാലിച്ചതായി അദ്ദേഹം പറഞ്ഞു . ഉച്ചവിശ്രമനിയമം പാലിക്കാത്തവർക്കു പിഴയും ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി.