മസ്കത്ത്: റിയോ ഒളിമ്പിക്സില്‍ വെള്ളിമെഡല്‍ നേടിയ ഒളിമ്പ്യന്‍ പി.വി. സിന്ധുവിന് മിഡിലീസ്റ്റിലെ മുന്‍നിര ആതുരാലയശൃംഖലയായ ശിഫാ അല്‍ ജസീറ ഗ്രൂപ് പ്രഖ്യാപിച്ച പത്തു പവന്‍ സ്വര്‍ണമെഡലും അംഗീകാര പത്രവും സമ്മാനിച്ചു.
ഹൈദരാബാദ് ഗച്ചിബൗലിയില്‍ സിന്ധുവിന്‍െറ കോച്ചും ദേശീയ ബാഡ്മിന്‍റണ്‍ താരവുമായ ഗോപിചന്ദ് സ്ഥാപിച്ച അക്കാദമിയില്‍ നടന്ന ചടങ്ങില്‍ ശിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ് ചെയര്‍മാന്‍ ഡോ.കെ.ടി. റബീഉല്ലക്ക് വേണ്ടി ഗ്രൂപ്പിന്‍െറ ഉപദേശകസമിതി ചെയര്‍മാനും കെ.എം.സി.സി സൗദി നാഷനല്‍ കമ്മിറ്റി പ്രസിഡന്‍റുമായ കെ.പി. മുഹമ്മദ്കുട്ടിയാണ് സമ്മാനം നല്‍കിയത്. സിന്ധുവിന്‍െറ പിതാവും പഴയകാല ദേശീയ വോളിബാള്‍ താരവുമായ പി.വി. രമണ, ശിഫ അല്‍ ജസീറ ഗ്രൂപ്പിന്‍െറ സാരഥികളായ കെ.പി.എം സക്കീര്‍, അഷ്റഫ് വേങ്ങാട് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
വിദേശനാടുകളില്‍ ജോലിചെയ്യുന്ന മുഴുവന്‍ ഇന്ത്യക്കാരുടെയും അംഗീകാരമായി ഈ ആദരം ഏറ്റുവാങ്ങുന്നതായി പി.വി. സിന്ധു മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഗോപിചന്ദ് അക്കാദമി ഭാരവാഹികളും പരിശീലകരും, തെലങ്കാനയിലെ പുതിയ തലമുറയില്‍പ്പെട്ട നിരവധി ബാഡ്മിന്‍റണ്‍ താരങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.
വെങ്കലമെഡല്‍ നേടിയ മാലിക്കിനുള്ള പത്തു പവന്‍ സ്വര്‍ണമെഡലും അംഗീകാരപത്രവും അടുത്തുതന്നെ ഹരിയാനയില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് ശിഫാ അല്‍ ജസീറ ഗ്രൂപ് അറിയിച്ചു.