മനാമ : കലക്കും കലാകാരന്മാർക്കും എന്നും അകമഴിഞ്ഞ് പ്രോത്സാഹനം നൽകുന്ന പാലക്കാട് നിവാസികളുടെ കൂട്ടായ്മയായ പാലക്കാട്ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ ( പാക്ട് ബഹ്റൈൻ ) ബഹ്റൈൻ സ്റ്റാർ വിഷൻ കമ്പനിയുമായി സഹകരിച്ച് ‘’ഭാവലയം – 2024’’ എന്ന പേരിൽ നൃത്ത സംഗീതോത്സവം സംഘടിപ്പിക്കുന്നു . മുൻ വർഷങ്ങളിലെ പോലെ തന്നെ ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന പരിപാടിയായിട്ടാണ് ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വച്ച് മേയ് 24ന് “ഭാവലയം 2024″ അരങ്ങേറാൻ പോകുന്നത് . ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ അനുസ്മരണാര്ഥം നടത്തപെടുന്ന ചെമ്പൈ സംഗീതോത്സവം, രാവിലെ 9 മണിക്ക് പ്രശസ്ത ഗായകൻ പാലക്കാട് ശ്രീറാം ഉത്ഘാടനം ചെയ്യും. തുടർന്ന് ബഹറിനിൽ സംഗീതം അഭ്യസിക്കുന്ന നൂറിൽ പരം കുട്ടികളും അവരുടെ അധ്യാപകരും പങ്കെടുക്കുന്ന കീർത്തന ആലാപനമുണ്ടാകും. വൈകിട്ട് 5 മണിക്ക്, ശ്രീ ശ്രീറാം നേതൃത്വം നൽകുന്ന നിളോത്സവത്തിൽ പുതുമയേറിയ മ്യൂസിക്കൽ ഫ്യൂഷൻ ആയിരിക്കും ആദ്യം കാണികളുടെ മനസ്സിന്നു ഹരമേകുക. ഫ്യൂഷനെ തുടർന്ന് നിളോത്സവത്തിന്റെ മുഖ്യ ആകർഷണമായ ”മായിക ” യെന്ന നൃത്ത ശിൽപമാണ് അരങ്ങേറുക. അമ്പതിലധികം കലാകാരന്മാർ മാസങ്ങളോളം തെയ്യാറെടുപ്പു നടത്തി അരങ്ങിൽ എത്തിക്കുന്ന “മായിക” തീർച്ചയായും കാണികളുടെ ഹൃദയം കവരുക തന്നെ ചെയ്യും. ശ്രീ ശ്യാം രാമചന്ദ്രൻ ആണ് മായികയുടെ സംവിധായകൻ. ഭാവലയം – 2024 എന്ന പരിപാടി വളരെയേറെ പ്രതീക്ഷയോടെയാണ് കലാസ്വാദകർ കാത്തിരിക്കുന്നത്. സംഗീതവും നൃത്തവും സമജ്ഞസമായി സമ്മേളിക്കുന്ന ഈ അപൂർവ കലോത്സവത്തിലേക്ക് അയ്യായിരത്തോളം കാണികൾ എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ഈ പരിപാടിയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണെന്നും സംഘാടകർ അറിയിച്ചു .Photo :Sathyan Perambra