കുവൈറ്റ് പാർലമെന്റ് തെരഞ്ഞെടുപ്പ് : പിരിച്ചുവിട്ട സഭയിലെ 42 പേർ മത്സര രംഗത്ത്

കുവൈറ്റ് സിറ്റി : പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പത്രിക സമർപ്പിക്കാൻ ഇനി രണ്ടു ദിവസം കൂടി അവസരം. വ്യാഴാഴ്ചയോടെ മത്സരാർഥികളുടെ പൂർണ ചിത്രം തെളിയും. കഴിഞ്ഞ ദിവസം വരെ പത്രിക നൽകിയവരുടെ എണ്ണം 342 ആണ്. 23 വനിതകളും ഇതിൽ ഉൾപ്പെടും. മൂന്നുപേർ ഇതിനകം പത്രിക പിൻവലിച്ചു.

പിരിച്ചുവിട്ട 50 അംഗ സഭയിലെ 42 അംഗങ്ങൾ വീണ്ടും തെരഞ്ഞെടുപ്പിന് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബാക്കിയുള്ള എട്ട് അംഗങ്ങളിൽ നാലു പേർ മത്സരിക്കാനില്ലെന്ന് അറിയിച്ചു. പിരിച്ചുവിട്ട അസംബ്ലി സ്പീക്കർ മർസൂഖ് അൽ ഗാനേം അടക്കം നാലുപേർ രജിസ്റ്റർ ചെയ്തിട്ടില്ല. പ്രതിപക്ഷ നേതാവ് മുൻ എം.പി മുഹമ്മദ് അൽ മുതൈറും രജിസ്റ്റർ ചെയ്തിട്ടില്ല.ഇനിയുള്ള ദിവസങ്ങളിൽ ഇവർ മത്സരിക്കാനായി രംഗത്തെത്തുമോ എന്ന് രാഷ്ട്രീയ വൃത്തങ്ങൾ നിരീക്ഷിക്കുകയാണ്.

രജിസ്റ്റർ ചെയ്ത സ്ഥാനാർഥികളിൽ മുൻ സഭകളിലെ 40 ഓളം പേരും ഉൾപ്പെടുന്നു. ഇസ്‍ലാമിസ്റ്റുകളായ മുഹമ്മദ് ഹയേഫ്, അദേൽ അൽദാംഖി, അമ്മാർ അൽഅജ്മി, അബ്ദുല്ല ഫഹദ്, നായിഫ് മെർദാസ് എന്നിവർ ഇതിൽ ഉൾപ്പെടുന്നു. മുൻ എം.പി ഉബൈദ് അൽ വാസ്മിയും, പ്രമുഖ പ്രതിപക്ഷ നേതാവും മുൻ എം.പിയുമായ ബദർ അൽ ദഹൂം പത്രിക സമർപ്പിച്ചവരിൽ പ്രമുഖനാണ്. പ്രതിപക്ഷ എംപിമാരും സർക്കാരും തമ്മിലുള്ള തർക്കത്തെ തുടർന്ന് കഴിഞ്ഞ മാസമാണ് ദേശീയ അസംബ്ലി പിരിച്ചുവിട്ടത്. ഈ മാസം 29 നാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പുവരെ പത്രിക പിൻവലിക്കാം.