പറന്ന് ഉയരുന്നതിനിടെ പുക; മസ്‌കറ്റ് – കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ നിന്ന് യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു

 

മസ്‌കറ്റ് . മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് യാത്രക്കാരെ അടിയന്തരമായി പുറത്തിറക്കി.മസ്‌കറ്റ് സമയം രാവിലെ 11.20ന് കൊച്ചിയിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്‌റ ഐ എക്‌സ് 442 നമ്പര്‍ വിമാനത്തില്‍ നിന്നാണ് പുക ഉയര്‍ന്നത്.141 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

വിമാനം ടേക് ഓഫ് ചെയ്യുന്നതിന് മുന്നോടിയായി ടാക്‌സിബേയിലേക്ക് നീങ്ങിയപ്പോഴാണ് ഇടതുവശത്തെ ചിറകില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. ഉടന്‍ ടേക് ഓഫ് നിര്‍ത്തിവെച്ച് യാത്രക്കാരെ എമര്‍ജന്‍സി വാതില്‍ വഴി പുറത്തിറക്കുകയായിരുന്നു. അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തില്‍ വിമാനത്തിന് മുകളിലേക്ക് വെള്ളം ചീറ്റി തീപടരുന്നത് തടഞ്ഞു.

എല്ലാവരും സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ ഇപ്പോള്‍ വിമാനത്താവളത്തിന്റെ ടെര്‍മിനലിലാണ് ഉള്ളത്. സാങ്കേതി വിദഗ്ധരും ഫയര്‍ ആന്‍ഡ് സേഫ്റ്റി സംഘവും വിമാനം പരിശോധിച്ചുവരികയാണ്. സാങ്കേതിക തകരാര്‍ പരിഹരിച്ച് വിമാനം എപ്പോള്‍ പുറപ്പെടുമെന്ന് അറിയിപ്പ് ലഭിച്ചിട്ടില്ല.