ദുബായിൽ വാടക നൽകാൻ ചെക്കുകൾ വേണ്ട; അക്കൗണ്ട് വഴി നേരിട്ടു നൽകാം

ദുബായ് ∙ ദുബായിൽ ഇനി വാടക നൽകാൻ ചെക്കുകൾക്ക് പകരം ബാങ്ക് അക്കൗണ്ട് വഴി നേരിട്ട് നൽകാൻ സാധിക്കും. ദുബായ് ലാന്‍ഡ് ഡിപ്പാർട്മെന്‍റും എമിറേറ്റ് നാഷനൽ ബാങ്കും ചേർന്നാണ് പുതിയ രീതി നടപ്പാക്കുന്നത്. ഇതനുസരിച്ച് വാടകക്കാർ ഇനി ചെക്കുകള്‍ മുന്‍കൂട്ടി നൽകേണ്ടതില്ല.പണം യുഎഇ സെന്‍ട്രൽ ബാങ്കിന്‍റെ ഡയറക് ഡെബിറ്റ് സിസ്റ്റം വഴി ഡിജിറ്റലായി കൈമാറാം. വാടകകാർക്കും ഉടമകൾക്കും ഇത് ഒരുപോലെ സഹായകമാവും. പേപ്പർ രഹിത പേയ്മെന്‍റ് സംവിധാനം എന്ന കാഴ്ചപ്പാടിനൊപ്പം ടെന്‍ എക്സ് സംരംഭത്തിന്‍റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.വിദേശനിക്ഷേപകർക്ക് എമിറേറ്റ് നാഷനൽ ബാങ്കിൽ നോണ്‍ റസിഡന്‍റ്സ് സേവിങ്സ് അക്കൗണ്ട് വഴി വസ്തുക്കള്‍ വാങ്ങാനും വാടക ഈടാക്കാനും സൗകര്യമുണ്ടാകും. കടലാസ്‍രഹിത പെയ്മെന്റിനായുള്ള ദുബായ് സർക്കാരിന്റെ വീക്ഷണത്തിന് അനുസരിച്ചാണ് പുതിയ സംരംഭം.