മനാമ: പ്രതിസന്ധികളിൽ വേദനിക്കുന്ന ജനങ്ങളെ കണ്ടെത്തി സാന്ത്വനമേകാൻ ശ്രദ്ധിക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞു.മർക്കസ് ഗ്ലോബൽ കമ്മിറ്റി ഒരുക്കിയ ‘തംകീൻ’ എംപവർമെൻറ്
കാമ്പയിൻ പ്രഖ്യാപനം നിർവഹിക്കുകായിരുന്നു അദ്ദേഹം.കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയിൽ വിവിധരീതിയിലുള്ള വിഷമങ്ങളിലൂടെ കടന്നുപോകുന്ന ധാരാളം ആളുകളുണ്ട്.വ്യഥകൾ മറ്റാരോടും പറയാതെ ഉള്ളിലൊതുക്കി കഴിയുകയാണവർ. അത്തരം ആളുകൾക്ക് സമാശ്വാസമെത്തിക്കാനും സാന്ത്വനത്തിൻറ കരസ്പർശം ലഭ്യമാക്കാനും സാമൂഹിക പ്രവർത്തനങ്ങളിലൂടെ സാധിക്കേണ്ടതുണ്ട്. രോഗാവസ്ഥയിലൂടെ കടന്നുവന്ന ആളുകൾക്ക് മാനസിക പിന്തുണ നൽകുക, പഠന സാഹചര്യമില്ലാത്ത കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ സഹജീവികൾ നേരിടുന്ന എല്ലാപ്രയാസങ്ങളും പരിഹരിക്കാൻ കഴിയാവുന്നതെല്ലാം ചെയ്യണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു. വിവിധ വിദേശ രാജ്യങ്ങളിലെ മർകസ് കമ്മിറ്റി ഭാരവാഹികൾ സംബന്ധിച്ചു. ഗ്ലോബൽ കമ്മിറ്റി ചെയർമാൻ ഉസ്മാൻ സഖാഫി തിരുവത്ര അധ്യക്ഷത വഹിച്ചു.
ഐ.സി.എഫ് ഗൾഫ് കൗൺസിൽ പ്രസിഡന്റ് അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങൾ, മർകസ് നോളജ് സിറ്റി ഡയറക്ടർ എ.പി. അബ്ദൽ ഹകീം അസ്ഹരി, മർകസ് ഗ്ലോബൽ പ്ലാനിങ് ബോർഡ് എച്ച്.ഒ.ഡി നിസാർ സഖാഫി,അബ്ദുറഹ്മാൻ സഖാഫി (ആർ.എസ്.സി),ഖമറുദ്ദീൻ ഗൂഡിനബള്ളി (കെ.സി.എഫ്) എന്നിവർ സംസാരിച്ചു. അബ്ദുൽ ഗഫൂർ വാഴക്കാട് സ്വാഗതവും മർസൂഖ് സഅദി നന്ദിയും
പറഞ്ഞു.