സൗദിയിൽ ഡിജിറ്റൽ ബാങ്കുകൾക്ക് അനുമതി

By:mujeeb kalathil

സൗദി അറേബ്യ :സൗദിയിൽ രണ്ട് ഡിജിറ്റൽ ബാങ്കുകൾക്ക് ലൈസൻസ് നൽകാൻ മന്ത്രിസഭയുടെ അനുമതി. 2.5 ശതകോടി റിയാൽ മൂലധനത്തോടെ രാജ്യത്തിനുള്ളിൽ ബാങ്കിങ് ബിനിനസ് നടത്തുന്നതിനാണ് ലൈസൻസ്. ശീതീകരിച്ച ശാഖകളും ഓഫീസുകളും കൗണ്ടറുകളും ജീവനക്കാരും അടങ്ങിയ പരമ്പരാഗത ബാങ്കിംഗ് കാഴ്ചപ്പാടിൽ മാറ്റംവരുത്തുന്ന ഡിജിറ്റൽ ബാങ്കുകളാണ്‌ സൗദിയിൽ പ്രവർത്തനം ആരംഭിക്കുന്നത്. സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് രാജ്യത്ത് ആദ്യമായി ഡിജിറ്റൽ ബാങ്കുകൾക്ക് ലൈസൻസ് നൽകാൻ തീരുമാനിച്ചത്. സ്ഥാപന ഘട്ടത്തിലുള്ള എസ്.ടി.സി ബാങ്ക്, സൗദി ഡിജിറ്റൽ ബാങ്ക് എന്നിവക്ക് ലൈസൻസ് നൽകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാൻ ധനമന്ത്രി മുഹമ്മദ് അൽജദ്ആനെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. ലൈസൻസ് ലഭിക്കുന്നതോടെ എസ്.ടി.സി ബാങ്ക്, സൗദി ഡിജിറ്റൽ ബാങ്ക് എന്നിവ സൗദിയിലെ ആദ്യത്തെ ഡിജിറ്റൽ ബാങ്കുകളായി പ്രവർത്തനം ആരംഭിക്കും. ധനകാര്യ മേഖല വികസിപ്പിക്കുന്നതിനും ദേശീയ സമ്പദ് വ്യവസ്ഥയുടെ വികസനത്തിന് പിന്തുണ നൽകുന്നതിനുമുള്ള ചട്ടക്കൂടിനുള്ളിൽ നിന്നു കൊണ്ടാണ് രണ്ട് ഡിജിറ്റൽ ബാങ്കുകൾക്ക് ലൈസൻസിന് അംഗീകാരം നൽകിതെന്ന് ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ പറഞ്ഞു.