ബഹ്റൈൻ : രണ്ട് വർഷത്തെ കോവിഡ് പ്രതിസന്ധിക്ക് ശേഷം ബഹ്റൈനിൽ നടന്ന ആദ്യത്തെ ആഘോഷ ചടങ്ങായി മാറിയ മീഡിയ രംഗ് അറേബ്യൻ മെലഡീസ് പെരുന്നാൾ നിലാവ് ആസ്വാദക വൃന്ദത്തെ ഇളക്കി മറിച്ചു . ഇന്ത്യൻ ക്ലബ്ബിന്റെ വിഷു ഈസ്റ്റർ ഈദ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ലുലു പെരുന്നാൾ നിലാവ് ആസ്വാദകരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.ഇന്ത്യൻ ക്ലബ്ബ് ഗ്രൗണ്ടിൽ വെച്ച് നടന്ന പെരുന്നാൾ നിലാവിൽ രണ്ടായിരത്തിലേറെ ആളുകൾ സംബന്ധിച്ചു.ആഘോഷങ്ങളുടെ ഔപചാരിക ഉദ്ഘാടനം ബഹ്റൈൻ പാർലിമെന്റ് അംഗം ഡോ. മസൂമ എച്ച്. എ റഹിം ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ പ്രമുഖ ഗായകരായ യൂസഫ് കാരക്കാട്, ബെൻസീറ എന്നിവരും മീഡിയ രംഗ്, അറേബ്യൻ മെലഡീസ് കലാകാരന്മാരും ഒത്ത് ചേർന്നപ്പോൾ ബഹ്റൈനിലെ ആസ്വാദകർക്ക് നവ്യാനുഭവമായി മാറി. ലുലു പ്രധാന പ്രായോജകരായ സ്റ്റേജ് ഷോയിൽ വച്ച് ബഹ്റൈനിലെ പ്രമുഖ വ്യക്തിത്വങ്ങളെയും മറ്റു പ്രായോജകരെയും ആദരിച്ചു.പ്രോഗ്രാം ഡയറക്ടർ നിസാർ കുന്നംകുളത്തിങ്ങൽ, റംഷാദ് അയിലക്കാട്,സൽമാനുൽ ഫാരിസ്,ഫിറോസ്, അബ്ദുൽ ഗഫൂർ,സുബിനാസ് കിട്ടു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് പരിപാടി കോർഡിനേറ്റ് ചെയ്തത്. ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ചെറിയാൻ, ജനറൽ സെക്രട്ടറി സതീഷ്, മറ്റു എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികൾ ആരംഭിച്ചത്.ലുലു റീജ്യണൽ മാനേജർ അബ്ദുൽ ഷുക്കൂർ, അമാദ് ബഹീദ് ഗ്രൂപ്പ് എം. ഡി പമ്പാവാസൻ നായർ,ആസ്റ്റർ ഡയറക്ടർ ഷാനവാസ് പി. കെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ നാലു പതിറ്റാണ്ട് കാലത്തെ ബഹ്റൈൻ പ്രവാസം പൂർത്തിയാക്കിയ ബഹ്റൈനിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായ മൂസ്സ ഹാജി, കോവിഡ് പ്രതിസന്ധി കാലത്ത് ഇന്ത്യൻ സമൂഹത്തിനിടയിൽ നടത്തിയ ജീവകാരുണ്യ പ്രവർത്തനത്തിന് ഹാരിസ് എ. കെ. വി എന്നിവർക്ക് അവാർഡുകൾ സമ്മാനിച്ചു.വൈകീട്ട് ഏഴു മണിക്ക് ആരംഭിച്ച പരിപാടിയിൽ തിങ്ങി നിറഞ്ഞ സദസ്സ് രാവേറെ ആകുവോളം ആസ്വദിച്ചു.മീഡിയ രംഗ് പ്രോഗ്രാം ഹെഡ് രാജീവ് വെള്ളിക്കോത്ത് നന്ദി പ്രകാശിപ്പിച്ചു.