പെരുന്നാൾ പുടവ – റയ്യാൻ വിദ്യാർത്ഥികൾ മാതൃകയായി

മനാമ: ആഹ്ളാദ ദിനങ്ങളിൽ പോലും കുഞ്ഞുമുഖങ്ങളിൽ ഒരു ചെറുപുഞ്ചിരി വിടർത്താൻ സാധിക്കാതെ വിഷമിക്കുന്ന കുടുംബങ്ങൾക്ക് സന്തോഷത്തിൻറെ കൈത്താങ്ങുമായി ബഹ്‌റൈൻ റയ്യാൻ സ്റ്റഡി സെന്റർ വിദ്യാർത്ഥികൾ ഒത്തുചേർന്നു.100 ലധികം കുട്ടികൾക്ക് ഈദ് ദിനങ്ങളിൽ പുത്തനുടുപ്പിന്റെ സൗരഭ്യം പകരാനായി സ്വന്തം നിക്ഷേപ കുടങ്ങൾ പൊട്ടിച്ച് പണം കണ്ടെത്തുകയായിരുന്നു വിദ്യാർത്ഥികൾ. 300 ലധികം റയ്യാൻ വിദ്യാർത്ഥികൾ ഈ സംരംഭത്തിൽ ഒത്തുചേർന്നു. യാതൊരു വിമുഖതയും കാണിക്കാതെ സസന്തോഷം സ്വന്തം നിക്ഷേപങ്ങൾ തന്റെ സന്തത സഹചാരിക്ക് നൽകുന്നതിൽ ഓരോരുത്തരും മത്സരിച്ചു.വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ നാട്ടിലെ പാവപ്പെട്ട കുട്ടികൾക്ക് പെരുന്നാൾ പുടവ നൽകാനായി സംഘടിപ്പിച്ച “ഈദ് കിസ്‌വ” എന്ന പരിപാടിയിലേക്കാണ് വിദ്യാർഥികൾ തങ്ങളുടെ കൊച്ചു കൊച്ചു സമ്പാദ്യങ്ങൾ കൈമാറിയത്.വളരെ ചെറു പ്രായത്തിൽ തന്നെ കുട്ടികളിൽ സഹായ മനോഭാവം വളർത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ തികച്ചും ശ്ലാഘനീയമാണെന്ന് കുട്ടികളിൽ നിന്നും സഹായം ഏറ്റുവാങ്ങിക്കൊണ്ട് സോഷ്യൽ വെൽഫെയർ സെക്രട്ടറി ഹംസ കെ. ഹമദ് അഭിപ്രായപ്പെട്ടു. ഇതിനു പിന്നിൽ പ്രവർത്തിച്ച റയ്യാൻ സ്റ്റഡി സെന്റർ ഭാരവാഹികളെയും രക്ഷിതാക്കളെയും അദ്ദേഹം അനുമോദിച്ചു.റയ്യാൻ സ്റ്റഡി സെന്റർ പ്രിൻസിപ്പൽ അബ്ദു ലത്വീഫ് ചാലിയം, ഹംസ അമേത്ത്, നഫ്സിൻ, സിദ്ദീഖ്, അബ്ദുൽ ഹാദി തുടങ്ങിയവരും മറ്റു അധ്യാപികാധ്യാപകന്മാരും ചടങ്ങിൽ സന്നിഹിതരായിരുന്നു.