പി വി രാധാകൃഷ്ണ പിള്ളയ്ക്ക് പിജിഎഫ് കർമ്മജ്യോതി പുരസ്കാരം

മനാമ:  ബഹ്റൈനിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ പ്രവാസി ഗൈഡൻ‍സ് ഫോറം എല്ലാ വർ‍ഷവും നൽ‍കി വരുന്ന കർ‍മ്മജ്യോതി പുരസ്കാരത്തിന് ഇത്തവണ ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപ്പിള്ളയെ തെരഞ്ഞെടുത്തതായി പിജിഎഫ് ഭാരവാഹികള്‍ അറിയിച്ചു. കോവിഡ് മഹാമാരിയുടെ കാലത്ത് ബഹ്റൈനിലെ നൂറ് കണക്കിന് ഇന്ത്യക്കാര്‍ക്ക് അദ്ദേഹം മുന്‍കൈയെടുത്ത് നല്‍കിയ സേവനങ്ങള്‍ മാനിച്ചും, വര്‍ഷങ്ങളായി ബഹ്റൈനിലെ കലാസാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിവരുന്ന നേതൃത്വപരമായ പങ്കും കണക്കിലെടുത്തുമാണ് അദ്ദേഹത്തിന് പുരസ്കാരം നല്‍കുന്നത്. ഡോ. ബാബു രാമചന്ദ്രൻ‍, ചന്ദ്രൻ‍ തിക്കോടി, എസ്. വി. ജലീൽ‍, ഫ്രാൻസിസ് കൈതാരത്ത്, സലാം മന്പാട്ടുമൂല എന്നിവർ‍ക്കാണ് മുൻ വർഷങ്ങളിൽ ഈ പുരസ്കാരം സമ്മാനിച്ചത്.

ഇതോടൊപ്പം സംഘടനയുടെ അംഗങ്ങൾക്കായി നൽകിവരാറുള്ള പുരസ്കാരങ്ങളും പ്രഖ്യാപ്പിച്ചു.
പിജിഎഫ് ജുവല്‍ അവാര്‍ഡ് ക്രിസോസ്റ്റം ജോസഫിനും, പിജിഎഫ് പ്രോഡിജി അവാർഡ് റോസ് ലാസര്‍, വിശ്വനാഥന്‍ ഭാസ്കരന്‍ എന്നിവര്‍ക്കുമാണ് നല്‍കുന്നത്. മികച്ച ഫാക്വല്‍റ്റി പുരസ്കാരത്തിന് സുഷമാ ജോണ്‍സണും, അര്‍ഷാദ് ഖാനുമാണ് അര്‍ഹരായത്. മികച്ച കൗണ്‍സിലറായി വിമലാ തോമസ്, മികച്ച കോര്‍ഡിനേറ്ററായി ഷിബു കോശി, മികച്ച സാമൂഹിക പ്രവര്‍ത്തകനായി ജോജോ ഫിലിപ്പ് എന്നിവരെയും തെരഞ്ഞെടുത്തു.
കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ ജനുവരി 8ന് വിര്‍ച്വല്‍ പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന പ്രവാസി ഗൈഡൻ‍സ് ഫോറത്തിന്റെ പന്ത്രണ്ടാം വാർ‍ഷികയോഗത്തിൽ ഈ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് പ്രവാസി ഗൈഡൻസ് ഫോറം ഭാരവാഹികൾ‍ അറിയിച്ചു. ഇതോടൊപ്പം 2020 -2022 വര്‍ഷത്തേക്കുളള പുതിയ ഭരണസമിതിയും ചുമതലയേറ്റെടുക്കും.
പ്രശസ്ത കൗണ്‍സിലിങ്ങ് വിദഗ്ധന്‍ ഡോ. ജോണ്‍ പനക്കല്‍ ചെയര്‍മാനും, മാധ്യമപ്രവര്‍ത്തകന്‍ പ്രദീപ് പുറവങ്കര വര്‍ക്കിങ്ങ് ചെയര്‍മാനായുമുള്ള അഡ്വൈസി ബോര്‍ഡിന്റെ കീഴില്‍ ഇ കെ സലീം പ്രസിഡണ്ടും, രമേഷ് നാരായണന്‍ ജനറല്‍ സെക്രട്ടറിയുമായുള്ള 25 അംഗം നിര്‍വാഹകസ സമിതിയാണ് നോര്‍ക്ക അംഗീകൃതമായ പ്രവാസി ഗൈഡന്‍സ് ഫോറത്തിനെ നയിക്കുന്നത്. ഈ വര്‍ഷം കോവിഡ് കാലത്ത് ആത്മഹത്യപ്രവണത ഉണ്ടായിരുന്ന  ആയിരത്തിലധികം പേരെ കൗണ്‍സിലിങ്ങ് ചെയ്ത് ജീവിതത്തിലേയ്ക്ക് തിരികെ എത്തിക്കാന്‍ സാധിച്ചുവെന്നും ഭാരവാഹികള്‍ അറിയിച്ചു. ഇതോടൊപ്പം വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും പിജിഎഫ് നടത്തിവരുന്നുണ്ട്.  കൗണ്‍സിലിങ്ങില്‍ ഡിപ്ലോമ നേടിയ നൂറ്റി അറുപതോളം സജീവ അംഗങ്ങളാണ് സംഘടനയില്‍ പ്രവര്‍ത്തിക്കുന്നത്.