തിരുവനന്തപുരം: കൊവിഡ് വൈറസ് പടരുന്ന സാഹചര്യത്തിൽ സ്വന്തം നാട്ടിലേക്ക് എത്താൻ സാധിക്കാതെ മറ്റ് രാജ്യങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസികൾക്ക് സാധ്യമായ എല്ലാ സഹായവും പിന്തുണയും നൽകാൻ എംബസികൾക്ക് നിർദ്ദേശം നൽകണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ.ഒരോ രാജ്യത്തെയും ലേബർ ക്യാമ്പുകളെ ശ്രദ്ധിക്കണം. അതത് രാജ്യങ്ങളിലെ സർക്കാറുകളുമായി ചേർന്ന് പ്രത്യേ കമ്മിറ്റികളുണ്ടാക്കണം. രോഗത്തെക്കുറിച്ചും പ്രവാസികളുടെ സ്ഥിതിയെക്കുറിച്ചും കൃത്യമായ വിവരങ്ങൾ വെച്ച എംബസി ബുള്ളറ്റിനുകൾ ഇറക്കണം. തെറ്റായ വിവരങ്ങൾ പ്രചരിക്കാതിരിക്കാൻ ഇത് സഹായിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വിസിറ്റിങ്, ഹൃസ്വകാല വിസകളിൽ പോയി വിദേശത്ത് കുടുങ്ങിയവരെ അന്താരാഷ്ട്ര ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ച് തിരികെയെത്തിക്കാൻ പ്രത്യേക വിമാനം ഏർപ്പെടുത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഗൾഫ് മേഖലയിൽ കൊറന്റിന് ആവശ്യമുള്ളവരെ അതാത് എംബസ്സിയുടെ നേതൃത്വത്തിലും സാമൂഹിക സംഘടനകളുടെ നേതൃത്വത്തിലും നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
കോവിഡ് ഇല്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാം; സഹായ വാഗ്ദാനവുമായി യുഎഇ
അബുദാബി : കോവിഡ് 19 രോഗികളല്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്ന് യുഎഇ അംബാസഡർ മുഹമ്മദ് അൽ ബന്ന. എമിേററ്റ്സ് വിമാനങ്ങൾ ഇതിനായി ഉപയോഗിക്കാം. ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്ന പ്രവാസികളെ നാട്ടിലെത്തിക്കാൻ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഹായവാഗ്ദാനം.എല്ലാ വിദേശ സർക്കാരുകളുമായി സംസാരിച്ചു. അവരുടെ പൗരന്മാരെ കൊണ്ടുപോകുന്നതിന് പ്രശ്നമില്ല. ഇവിടെ നിന്നും പോകുന്നതിന് മുൻപ് കോവിഡ് പരിശോധന നടത്തും. പോസറ്റീവായി ഫലം വരുന്നവരെ യുഎഇയിൽ തന്നെ നിർത്തി ആവശ്യമായ ചികിൽസ നൽകും. മറ്റുള്ളവർക്ക് സ്വദേശത്തേക്ക് പോകാം. ഇതുമായി ബന്ധപ്പെട്ട് എല്ലാ എംബസികൾക്കും വിവരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരത്തിൽ പോകാൻ താൽപര്യമുള്ളവർക്ക് ആവശ്യമായ ടെസ്റ്റുകൾ യുഎഇ നടത്തികൊടുക്കും. മികച്ച ടെസ്റ്റിങ് സെന്ററുകളാണ് ഇവിടെയുള്ളത്. 500,000 അധികം ആളുകളിൽ ഇതുവരെ കോവിഡ് ടെസ്റ്റ് നടത്തുകയും ചെയ്തു. പോകാൻ ആഗ്രഹിക്കുന്നവർക്ക് ഞങ്ങളുടെ എല്ലാ സംവിധാനങ്ങളും പ്രവർത്തിക്കും. അതത് സർക്കാരുകളുടെ അഭ്യർഥന മാനിച്ച് ടെസ്റ്റുകളും ആവശ്യമായ യാത്രാ സൗകര്യങ്ങളും നൽകുമെന്നും മുഹമ്മദ് അൽ ബന്ന പറഞ്ഞു.
ഗൾഫിലെ ലേബർ ക്യാംപുകളിലെ സ്ഥിതി അതിദയനീയമായി തുടരുകയാണ്. കോവിഡ് ബാധിതരോടൊപ്പം ജീവിക്കേണ്ടിവരുന്ന സാഹചര്യത്തിലാണ് പല പ്രവാസികളും. എംബസികളും കോൺസുലേറ്റുകളും ഇടപെട്ടു തൊഴിലാളി ക്യാപുകളിൽ അടക്കം രോഗപരിശോധന ഉറപ്പാക്കുകയും ക്വാറന്റീൻ ഒരുക്കണമെന്നുമാണ് പ്രധാന ആവശ്യങ്ങൾ.പ്രവാസലോകത്ത് പത്തും പതിനഞ്ചും പേർ ഒരുമിച്ചു ജീവിക്കുന്ന തൊഴിലാളി ക്യാംപുകളിലെ മുറികളിലും ഇനിയും നിലച്ചിട്ടില്ലാത്ത നിർമാണ മേഖലയിലെ തൊഴിലാളികൾക്കിടയിലും ഉയരുന്നത് കോവിഡ് ആശങ്കകളാണ്. കോവിഡ് സ്ഥിരീകരിച്ചവരോടൊപ്പം താമസയിടം പങ്കുവയ്ക്കുവയ്ക്കേണ്ടി വരുന്ന ദുരവസ്ഥയിൽ ജീവിക്കുന്ന മലയാളികളടക്കമുള്ളവരുണ്ട് പ്രവാസലോകത്ത്.അതാത് രാജ്യങ്ങളിലെ ഭരണകൂടത്തിന്റെ സഹകരണത്തോടെ ക്വാറന്റീൻ സംവിധാനം ഒരുക്കുന്നതിനും തൊഴിലാളി ക്യാപുകളിൽ ആരോഗ്യപരിശോധന ഉറപ്പാക്കുന്നതിനും എംബസിയും കോൺസുലേറ്റുകളും ഇടപെടണം. വരുംദിവസങ്ങളിലുണ്ടാകുമെന്നു ആശങ്കപ്പെടുത്തുന്ന ദുരിതം ഒഴിവാക്കാൻ അത്യാവശ്യ ഇടപെടലാണ് നയതന്ത്രകാര്യാലയങ്ങളുടെ ഭാഗത്തുനിന്നുമുണ്ടാകേണ്ടത്.
പ്രവാസികൾക്കായി അടിയന്തര നടപടി; സൗദിയുടെ ഉറപ്പ്
റിയാദ്/മലപ്പുറം ∙ കോവിഡ് വ്യാപനത്തിന്റെ അടിയന്തര പശ്ചാത്തലത്തിൽ മുഴുവൻ ഇന്ത്യക്കാരുടെയും സുരക്ഷയ്ക്കും കരുതലിനും വേണ്ട നടപടികൾ ഊർജിതമായി നടപ്പാക്കുമെന്നു പി.കെ.കുഞ്ഞാലിക്കുട്ടി എംപിക്കു സൗദിയിലെ ഇന്ത്യൻ അംബാസഡർ ഔസാഫ് സെയ്ത് ഉറപ്പു നൽകി. സൗദിയിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ഭക്ഷണം, താമസം, ചികിത്സ എന്നിവ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് എംപി നൽകിയ കത്തിനാണ് സൗദിയിലെ ഇന്ത്യൻ എംബസി രേഖാമൂലം മറുപടി നൽകിയത്.
പ്രവാസികൾക്ക് നിരീക്ഷണ സംവിധാനമൊരുക്കും: തങ്ങൾ
നാട്ടിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കു നിരീക്ഷണത്തിനായി സംവിധാനമൊരുക്കാൻ മുസ്‌ലിംലീഗ് തയാറാണെന്നു സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. നാട്ടിലെത്താനാഗ്രഹിക്കുന്ന പ്രവാസികളെ നിരീക്ഷണത്തിലാക്കുന്നതിനു സംവിധാനമൊരുക്കും. ഇതിനായി മദ്രസകൾ, യത്തീംഖാനകൾ, സ്‌കൂളുകൾ, കോളജുകൾ മറ്റു സ്ഥാപനങ്ങൾ എന്നിവ വിട്ടുകിട്ടാനായി ലീഗ് ശ്രമിക്കുമെന്നും തങ്ങൾ അറിയിച്ചു.
ക്വാറന്റീൻ ചെയ്യാൻ സ്ഥാപനങ്ങൾ നൽകും: കാന്തപുരം
കോഴിക്കോട്∙ പ്രവാസി മലയാളികളെ ക്വാറന്റീൻ ചെയ്യാൻ മർകസ് സ്ഥാപനങ്ങളും സുന്നി സ്ഥാപന സമുച്ചയങ്ങളും വിട്ടുനൽകുമെന്നും, ആവശ്യമായ പരിചരണം എസ്‌വൈഎസ് സാന്ത്വനം വൊളന്റിയർമാരെ ഉപയോഗിച്ച് നൽകുമെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസല്യാർ. ലോക്ഡൗൺ കഴിയുന്ന ഉടൻ പ്രവാസികളെ നാട്ടിൽ തിരിച്ചെത്തിക്കാൻ നടപടി വേണമെന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുമായുള്ള ഫോൺ സംഭാഷണത്തിലും പ്രവാസികളുടെ കാര്യം ഏറ്റവും പ്രധാനമായി പരിഗണിക്കണമെന്നു അഭ്യർഥിച്ചു. പ്രവാസി ഇന്ത്യക്കാർക്ക് സുരക്ഷ ഉറപ്പു വരുത്താൻ വിവിധ അറബ് രാഷ്ട്രങ്ങളുടെ ഭരണാധികാരികളുമായും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായും മലയാളി പ്രമുഖരുമായും ബന്ധപ്പെട്ടു വരികയാണെന്നു കാന്തപുരം പറഞ്ഞു.
ലീഗ് നേതാക്കൾ ചർച്ച നടത്തി
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പ്രവാസികളുടെ പ്രശ്നങ്ങൾക്കു പരിഹാരം തേടി മുസ്‌ലിം ലീഗ് നേതാക്കൾ ജിസിസി നേതാക്കളുമായി ആശയ വിനിമയം നടത്തി. പാണക്കാട് ഹൈദരലി തങ്ങളുടെ നേതൃത്വത്തിലാണ് ചർച്ചകൾ നടത്തിയത്. യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലെ കെഎംസിസി നേതാക്കളാണ് കോൺഫറൻസിൽ പങ്കെടുത്തത്.