മത്ര: ഒമാൻ സർക്കാറും ജനങ്ങളും നൽകിയ കരുതലിനുള്ള പ്രത്യുപകാരമായി മലയാളി സുഹൃത്തുക്കൾ പ്ലാസ്മ ദാനം ചെയ്തു. മത്രയിൽ ജോലി ചെയ്യുകയും ഒരുമിച്ച് താമസിക്കുകയും ചെയ്യുന്ന റാഷിദ് ശ്രീകണ്ഠപുരം, അസ്ലം പെരിങ്ങത്തൂർ, സി.കെ. മനാഫ്, സലാം, അഷ്റഫ് എന്നിവരാണ് പ്ലാസ്മ ദാനത്തിലൂടെ സഹജീവികളോടുള്ള കരുതലിന് മാതൃകയായത്. ഉറവിടം എങ്ങനെയെന്നറിയാതെ കോവിഡ് സ്ഥിരീകരിക്കുകയും രണ്ടാഴ്ച നീളുന്ന ഐസൊലേഷൻ ജീവിതം നയിച്ച ശേഷം തിരിച്ചെത്തിയവരുമാണിവര്. കോവിഡിന് പ്ലാസ്മ തെറപ്പി ഫലപ്രദമാണെന്നും രോഗം ഭേദമായവർ പ്ലാസ്മ ദാനത്തിന് മുന്നോട്ടുവരണമെന്നുമുള്ള ആരോഗ്യ വകുപ്പിന്റെ അഭ്യർഥനയുടെ അടിസ്ഥാനത്തിലാണ് ഇവർ പ്ലാസ്മ ദാനത്തിനായി മുന്നോട്ടുവന്നത്. ലോക മഹാമാരിയായിത്തീർന്ന കോവിഡ് തങ്ങൾക്കും പിടിപെട്ടല്ലോ എന്ന ചിത തങ്ങളെയും അലട്ടിയിരുന്നു, എന്നാൽ ഒമാനി വളന്റിയേഴ്സിന്റെയും ആരോഗ്യപ്രർവർത്തകരുടെയും കരുണ്ണ്യമാർന്ന പെരുമാറ്റവും മികച്ച ആത്മവിശ്വാസം ആണ് നൽകിയിയതെന്നും ഇവർ പറയുന്നു. അതിനാൽ ആണ് പ്ലാസ്മ ദാനം ചെയ്യാൻ തയ്യാറായത് എന്നും ഇവർ പറയുന്നു. ആവശ്യമായ പരിശോധനകൾക്ക് ശേഷമാണ് പ്ലാസ്മ സ്വീകരിച്ചത്.