2023 മുതൽ ഉമ്മുൽഖുവൈ‌നിൽ പ്ലാസ്റ്റിക് നിരോധനം

ഉമ്മുൽ ഖുവൈൻ∙ യുഎഇയിൽ പ്ലാസ്റ്റിക് നിരോധനവുമായി ഒരു എമിറേറ്റ് കൂടി. 2023 ജനുവരി 1 മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ ഉമ്മുൽഖുവൈൻ നിരോധിക്കും. എല്ലാ ബാഗുകളും ബയോഡീഗ്രേഡബിൾ, മൾട്ടി ഉപയോഗം അല്ലെങ്കിൽ കടലാസോ നെയ്തതോ ആയ തുണി കൊണ്ടുള്ളതായിരിക്കണമെന്ന് എക്‌സിക്യൂട്ടീവ് കൗൺസിൽ അറിയിച്ചു. ഉമ്മുൽ ഖുവൈൻ മുനിസിപ്പാലിറ്റിക്കാണ് പുതിയ നയം നടപ്പാക്കാനുള്ള ചുമതല.

പ്ലാസ്റ്റിക് ബാഗിന് 25 ഫിൽസ്

അടുത്ത വർഷം മുതൽ ഷോപ്പിങ് പ്ലാസ്റ്റിക് ബാഗിന് വിൽപന കേന്ദ്രങ്ങൾ 25 ഫിൽസ് അധികമായി ഈടാക്കും. എമിറേറ്റിൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ പൂർണമായും നിരോധിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഇത്.

മലിനീകരണത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിനും കൂടുതൽ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളിലേയ്ക്ക് മാറുന്നതിനും ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബോധവൽക്കരണ ക്യാംപെയിനുകൾക്കൊപ്പം നിയമ മാറ്റവും ഉണ്ടാകും. അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ സമാനമായ നടപടികൾ നടപ്പാക്കിയിരുന്നു. അബുദാബിയിൽ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം ജൂൺ 1 മുതൽ പ്രാബല്യത്തിൽ വന്നപ്പോൾ, ദുബായിൽ ജൂലൈ 1 മുതലായിരുന്നു. ഇവിടെയെല്ലാം ചില്ലറ വ്യാപാരികൾ ഒരു ബാഗിന് 25 ഫിൽസ് ഈടാക്കുന്നു. ഒരു മാസത്തിനുള്ളിൽ ഇത്തരം ബാഗുകളുടെ ഉപയോഗത്തിൽ 40 ശതമാനം കുറവുണ്ടായതായി ദുബായിലെ വ്യാപാരികൾ പറഞ്ഞു.