ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍, കേരള വിഭാഗം, “പ്രവാസികളുടെ പ്രശ്നങ്ങള്‍ – ചര്‍ച്ചകള്‍ക്കൊരാമുഖം” എന്ന വിഷയത്തില്‍ പ്രഭാഷണവും ചര്‍ച്ചയും സംഘടിപ്പിക്കുന്നു. ആഗസ്ത് 12 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ദാര്സൈറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഹാളില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ മസ്കറ്റിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും കേരള വിഭാഗം സ്ഥാപക കണ്‍വീനറും, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ സാമൂഹ്യ ക്ഷേമ വിഭാഗം സിക്രട്ടറിയുമായ പി എം ജാബിര്‍ വിഷയം അവതരിപ്പിച്ച് സംസാരിക്കും.. പ്രവാസി ദിവസിനോടനുബന്ധിച്ച് അടുത്തിടെ ഡല്‍ഹിയില്‍ വച്ച് നടന്ന ഇ സി ആര് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തെ സംബന്ധിച്ച പാനല്‍ ചര്‍ച്ചയില്‍ ഒമാനെ പ്രതിനിധീകരിച്ച് പങ്കെടുത്തത് ജാബിര്‍ ആയിരുന്നു. വിദേശകാര്യ മന്ത്രി ശ്രീമതി സുഷമാ സ്വരാജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചര്‍ച്ചയില്‍ പ്രവാസികളെ സംബന്ധിച്ച നിരവധി വിഷയങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഇതിന്റെ കൂടെ പശ്ചാത്തലത്തിലാണ് കേരള വിഭാഗം ഈ ചര്‍ച്ച സംഘടിപ്പിക്കുന്നത്.
പി എം ജാബിര്‍ മൂന്ന് പതിറ്റാണ്ടിലേറെയായി ഒമാനിലെ സാമൂഹ്യ ക്ഷേമ രംഗത്ത് നിറഞ്ഞു നില്ക്കുന്ന വ്യക്തിത്വമാണ്. അസുഖബാധിതരായ ആലംബമില്ലാത്ത നിരവധി പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനും മരണമടഞ്ഞവരുടെ നിരവധി മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനാവശ്യമായ ഇടപെടലുകള്‍ നടത്തുവാനും, തൊഴില്‍ പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ട് തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ വാങ്ങി കൊടുക്കാനും അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനും കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലത്തെ തന്റെ സാമൂഹ്യ പ്രവര്‍ത്തനം കൊണ്ട് ജാബിറിനു സാധിച്ചിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ച നിരവധി ദേശീയ അന്തർദേശീയ വേദികളിലെ സ്ഥിര സാന്നിദ്ധ്യമായ ജാബിർ, ദേശീയ അന്തർദേശീയ വേദികളിൽ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട നിരവധി പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ എംബസ്സിയില്‍ ഓപണ്‍ ഹൌസ് ആരംഭിച്ചത് മുതല്‍ എല്ലാ ഓപണ്‍ ഹൌസിലും പങ്കെടുക്കുകയും നിരവധി തൊഴില്‍ പ്രശ്നങ്ങള്‍ അധികാരികളുടെ മുമ്പില്‍ കൊണ്ടുവരാനും പരിഹാരം കണ്ടെത്താനും ജാബിറിനു സാധിച്ചിട്ടുണ്ട്. പ്രവാസി ക്ഷേമ നിധി ബോര്‍ഡ് രൂപീകരിക്കപ്പെട്ടപ്പോള്‍ ആദ്യ ബോര്‍ഡ് അംഗം എന്ന നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രമുഖ മലയാളം ചാനല്‍ ആയ കൈരളി പ്രവാസലോകത്ത് കാണാതായവരെ കണ്ടെത്തുന്നതിനു ആരംഭിച്ച പ്രവാസലോകം എന്ന പരിപാടിയുടെ ഒമാന്‍ പ്രതിനിധിയും ജാബിര്‍ ആണ്. സാമൂഹ്യ ക്ഷേമ രംഗത്തെ സംഭാവനകള്‍ക്ക് ടൈംസ് നൌ/ഐ സി ഐ സി ഐ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ജാബിറിനു ലഭിച്ചിട്ടുണ്ട്.
“കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഒമാനിലെ കലാ സാംസ്കാരിക സാമൂഹ്യ ക്ഷേമ രംഗത്ത് പ്രവര്‍ത്തിക്കുന്ന കേരള വിഭാഗം സംഘടിപ്പിക്കുന്ന ചര്‍ച്ചകള്‍ ഒമാനിലെ പൊതു സമൂഹം ഏറ്റെടുക്കാറുണ്ട്. പ്രവാസികളുടെ അവകാശങ്ങളെ കുറിച്ചു ബോധാവാന്മാരാകാന്‍ ഇത്തരം ചര്‍ച്ചകള്‍ ഉപകരിക്കും എന്നതില്‍ സംശയമില്ല.” കേരള വിഭാഗം കണ്‍വീനര്‍ രജിലാല്‍ കൊക്കാടന്‍ പറഞ്ഞു. “മസ്കറ്റിലെ പ്രവാസി സമൂഹത്തെ ആകെ ഈ പരിപാടിയിലേക്ക് ക്ഷണിക്കുന്നതായും രജിലാല്‍ കൂട്ടിച്ചേര്‍ത്തു.