രാഷ്ട്രീയ വാഗ്വാദങ്ങള്‍ക്കൊടുവില്‍ എന്‍ഡാ കെന്നി സ്ഥാനമൊഴിയുന്ന സൂചനയുമായി ഫൈന്‍ ഗെയ്ല്. ഈസ്റ്ററിന് മുന്‍പ് പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള തയ്യാറെടുപ്പിലാണ് പാര്‍ട്ടി വൃത്തങ്ങള്‍. സെന്റ് പാട്രിക്സ് ഡേ യുടെ ഭാഗമായി അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം എന്‍ഡാ കെന്നി സ്ഥാനമൊഴിയുമെന്ന അഭ്യുഹങ്ങള്‍ നില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന പാര്‍ലമെന്ററി മീറ്റിങ്ങില്‍ വൈകി എത്തിയ കെന്നി അവിശ്വാസ പ്രമേയം എന്ന ഓലപ്പാമ്പിനെ പേടിയില്ലെന്നും വ്യക്തമാക്കി. മന്ത്രിമാരായ സൈമണ്‍ കോവ്നി, ലിയോ വരേദ്കര്‍ എന്നിവരെ പേരെടുത്ത് പറയാതെ ഒളിയമ്പ് വെച്ചുള്ള പ്രയോഗങ്ങളും കെന്നി നടത്തിയതായി വാര്‍ത്തകളുണ്ട്. അധികാരം തലയ്ക്കു പിടിച്ച പ്രധാനമന്ത്രി നേതൃസ്ഥാനത്ത് തുടരുന്നതില്‍ താത്പര്യമില്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ കോവ്നി വ്യക്തമാക്കി.
പാര്‍ട്ടിയുടെ നിലനില്‍പ്പിനെ ബാധിക്കുന്ന രീതിയിലുള്ള കെണിയുടെ പ്രവൃത്തികളും പരാമര്‍ശവും പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിക്കുമെന്ന പേടിയിലാണ് ഫൈന്‍ ഗെയ്ല് നേതൃത്വം. തുറന്നടിച്ച് മറുപടി പറയുന്ന എന്‍ഡാ കെന്നിയുടെ സമ്മര്‍ദങ്ങള്‍ക്ക് പാര്‍ട്ടി അടിമപ്പെടുകയാണെന്ന് ഉന്നതതലങ്ങളില്‍ നിന്നും അഭിപ്രായം ഉയരുന്നുണ്ട്. പ്രധാനമന്ത്രി പുറത്തുപോകണമെന്ന് ആദ്യമായി ആവശ്യപ്പെട്ട വടക്ക്-പടിഞ്ഞാറന്‍ ഡബ്ലിന്‍ ടിഡി നോള്‍ റോക്കിന്റെ ഭീഷണി ഇനിയും കെട്ടടങ്ങിയിട്ടില്ല. എന്നാല്‍ പാര്‍ട്ടിക്കിടയില്‍ അഭിപ്രായ ഭിന്നത ഉണ്ടെങ്കിലും തങ്ങള്‍ ഒറ്റക്കെട്ടാണെന്ന് ഫൈന്‍ ഗെയ്ല് ചെയര്മാന് മാര്ട്ടിന് ഹെയ്ഡന് പറഞ്ഞു.
അഭിപ്രായ ഭിന്നത ഉടലെടുത്തപ്പോള്‍ പൊതു തെരെഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ താന്‍ ഉണ്ടാവില്ലെന്ന് കെന്നി അറിയിച്ചിരുന്നു. ഭരണ കക്ഷി എന്ന നിലയില്‍ വിവാദങ്ങള്‍ക്കുപരി രാജ്യം നേരിടുന്ന വെല്ലുവിളികളെ നേരിടാനുള്ള ഒരുക്കത്തിലാണ് മന്ത്രിസഭയെന്നും പാര്‍ട്ടി ചെയര്മാന് അറിയിച്ചു.
തൊഴില്‍ മേഖലയില്‍ ഉണ്ടായ മുന്നേറ്റം രാജ്യത്തെ തൊഴിലില്ലായ്മ കുറച്ചുവെന്ന അഭിപ്രായപ്പെടുന്ന പാര്‍ട്ടി വക്താവ് അയര്‍ലണ്ട് നു മുന്പില് യു.കെ ഒരു വെല്ലുവിളിയാണെന്ന് സമ്മതിച്ചു. മാത്രമല്ല അതിര്‍ത്തി പ്രശ്നങ്ങളും പരിഹരിക്കാനായിട്ടുണ്ട്. വിവാദങ്ങളെക്കാള്‍ പ്രാധാന്യം പ്രശ്നപരിഹാരത്തിന് നല്‍കണമെന്നും മാര്ട്ടിന് തുറന്നടിച്ചു. ഏതായാലും വരുംദിവസങ്ങളില്‍ അയര്‍ലന്റിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിമറിയുമെന്ന് പ്രതീക്ഷിക്കാം.