മസ്കത്ത്: ബിൽ അടക്കാത്തതിനെ തുടർന്ന് വിച്ഛേദിച്ച വൈദ്യുതി കണക്ഷനുകൾ പുനഃസ്ഥാപിച്ചുതുടങ്ങി. പബ്ലിക് സർവിസസ് റെഗുലേഷൻ അതോറിറ്റി നിർദേശപ്രകാരമാണ് നടപടി. ബിൽ അടച്ചില്ലെന്ന കാരണത്താൽ ആരുടെയും വൈദ്യുതി കണക്ഷനുകൾ വിച്ഛേദിക്കരുതെന്ന് അതോറിറ്റി വെള്ളിയാഴ്ചയാണ് ഉത്തരവ് നൽകിയത്. വിച്ഛേദിച്ച കണക്ഷനുകൾ പുനഃസ്ഥാപിക്കാനും അതോറിറ്റി അധികൃതർ വൈദ്യുതിവിതരണ കമ്പനികളോട് നിർദേശിച്ചിരുന്നു. പരാതികൾ ഉള്ളവർ വിതരണ കമ്പനികളുടെ അതത് ഗവർണറേറ്റുകളുടെ ഓഫിസിലോ അനുബന്ധ കാൾ സെൻററിലോ നൽകാൻ അതോറിറ്റി നിർദേശിച്ചു.
വിവിധ സാമൂഹിക അക്കൗണ്ടുകൾ വഴിയോ ഹാസിൽ പ്ലാറ്റ്ഫോം വഴിയോ (http://hasil.apsr.om/Login)അതോറിറ്റിക്കും പരാതികൾ നൽകണം. ഉപഭോക്താക്കൾ ഇലക്ട്രിസിറ്റി കമ്പനികളുടെ കൈവശമുള്ള തങ്ങളുടെ വിവരങ്ങൾ പുതുക്കണമെന്ന് നമാ ഗ്രൂപ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ശരിയായ താരിഫ് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഇത് വേണമെന്നാണ് കമ്പനി അറിയിച്ചിരുന്നത്. ആഗസ്റ്റ് അവസാനത്തിനുള്ളിൽ വിവരങ്ങൾ പുതുക്കണമെന്നാണ് നമാ ഗ്രൂപ് നിർദേശിച്ചിട്ടുള്ളത്. വിച്ഛേദിച്ച കണക്ഷനുകൾ പുനഃസ്ഥാപിച്ചുതുടങ്ങിയതായി മസ്കത്ത് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി അറിയിച്ചു. വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാത്തവരുണ്ടെങ്കിൽ 80070008 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടണം. മറ്റ് കമ്പനികളും വൈദ്യുതി കണക്ഷനുകൾ പുനസ്ഥാപിച്ചുതുടങ്ങിയിട്ടുണ്ട്.