മനാമ: കേരള സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിലെ മലയാളം മിഷന്റെ മാർഗ്ഗനിർദ്ദേശാനുസരണം പ്രവർത്തിക്കുന്ന, ബഹറിൻ പ്രതിഭ മലയാളം പാഠശാല കേരളപ്പിറവി ദിനാഘോഷം സൽമാനിയയിലുള്ള പ്രതിഭ സെൻ്ററിൽ വെച്ച് വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.
കേരള പര്യടനം’ എന്ന പേരിൽ ബഹ്റൈനിലെ മുഴുവൻ പാഠശാലകളിലെയും വിദ്യാർത്ഥികളും രക്ഷിതാക്കളുമടങ്ങുന്ന ടീമുകൾക്കായി നടത്തിയ ‘ഫാമിലി ക്വിസ് മത്സരം മികച്ച നിലവാരത്തോടെ അവതരിപ്പിക്കപ്പെട്ടു. അനീഷ് നിർമ്മലൻ ക്വിസ് മാസ്റ്ററായി നേതൃത്വം നൽകിയ മത്സരത്തിൽ ബി.കെ. എസ് മലയാളം പാഠശാല വിദ്യാർത്ഥികളായ പൗർണമി ബോബി & ശ്രീജ ബോബി, മേധ മുകേഷ് & മുകേഷ് കിഴക്കേ മാങ്ങാട്ടില്ലം എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.പ്രതിഭ മലയാളം പാഠശാലയിലെ ഡാരിയ റോസ് & ഡിൻ്റോ ഡേവിഡ് എന്നിവർക്കാണ് മൂന്നാംസ്ഥാനം. പ്രാഥമിക റൗണ്ടായ എഴുത്തു പരീക്ഷയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 6 ടീമുകൾ അണി നിരന്ന അതിശക്തമായ 5 റൗണ്ടു മത്സരങ്ങളിൽ നിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്.
ഭാഷ പ്രതിജ്ഞയോട് കൂടി തുടങ്ങിയ ചടങ്ങിന് പ്രതിഭ പാഠശാല കൺവീനർ ബാബു വി. ടി. സ്വാഗതം പറഞ്ഞു. പാഠശാല കോർഡിനേറ്ററും പ്രതിഭ കേന്ദ്ര കമ്മിറ്റി അംഗവുമായ പ്രദീപ് പതേരി അധ്യക്ഷത വഹിച്ചു. ലോക കേരള സഭാ അംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സി.വി. നാരായണൻ പരിപാടി ഉത്ഘാടനം ചെയ്തു.കേരള സംസ്ഥാനത്തിൻറെ പിറവിയും, പിന്നിട്ട ചരിത്ര വഴികളും, ഇന്ന് കാണുന്ന കേരളം ഉണ്ടാക്കിയതിൽ നവോത്ഥാന നായകർക്കുള്ള പങ്കിനെക്കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു.
പ്രവാസികുട്ടികളിൽ മലയാള ഭാഷയും സംസ്കാരവും പ്രചരിപ്പിക്കുന്നതിൽ സംസ്ഥാന സർക്കാർ മലയാളം മിഷനിലൂടെ നടത്തുന്ന പ്രവർത്തനങ്ങളും , അതിൽ പ്രതിഭ പാഠശാലയുടെ പങ്കിനെക്കുറിച്ചും സി.വി.നാരായണൻ ഉദ്‌ഘാടന പ്രസംഗത്തിൽ എടുത്തു പറയുകയുണ്ടായി. ബഹ്‌റൈൻ പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡന്റ് ബിനു മണ്ണിൽ, വനിതാ വേദി സെക്രട്ടറി റീഗ പ്രദീപ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രോഗ്രാം കൺവീനർ ജയേഷ് നന്ദി രേഖപ്പെടുത്തി.
തുടർന്ന് നടന്ന ഭാഷാ പ്രതിജ്ഞ, പ്രസംഗം (കേരളം), പ്രതിഭ പാഠശാലയിലെ റിഫ മനാമ ക്യാമ്പസുകളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും അവതരിപ്പിച്ച സംഘനൃത്തം, നാടകം, ഒപ്പന, നാടൻപ്പാട്ട്, സംഗീത ശിൽപ്പം, സ്കിറ്റ്, ഫ്യൂഷൻ ഡാൻസ്, കവിതാ രംഗാവിഷ്കാരം, കേരള ഷോ, സംഘഗാനം എന്നിവ തിങ്ങി നിറഞ്ഞ സദസ്സിന് മികച്ച അനുഭവമായി. ഇന്ത്യൻ ദേശീയ ഗാനത്തോട് കൂടി കേരള പിറവി ദിന ആഘോഷ പരിപാടിക്ക് പരിസമാപ്തി കുറിച്ചു.