പ്രവാസി ചിട്ടി ഗൾഫിൽ പൂർണ പ്രവർത്തനം ആരംഭിച്ചു

മസ്കറ്റ്: കെ.എസ്.എഫ് ഇ-യുടെ പ്രവാസികൾക്കുവേണ്ടിയുള്ള പദ്ധതിയായ “പ്രവാസി ചിട്ടി” യു എ ഇ, സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ എന്നീ ജിസിസി രാജ്യങ്ങളിലും യൂറോപ്പിലും പൂർണസജ്ജമായി പ്രവർത്തനം തുടങ്ങി.

നൂതന സാങ്കേതിക വിദ്യയും ഉന്നതമായ സാമൂഹ്യ ഉത്തരവാദിത്വവും സമന്വയിപ്പിക്കുന്ന ഒരു സവിശേഷ പദ്ധതിയാണ് പ്രവാസി ചിട്ടി അവതരിപ്പിച്ചിരിക്കുന്നത്.പ്രവാസികൾക്ക് ലാഭകരവും സുരക്ഷിതവുമായ ഒരു സമ്പാദ്യ പദ്ധതി ആകുന്നതിനോടൊപ്പം  കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഒരു മുതൽക്കൂട്ട് ആകാനും പ്രവാസി ചിട്ടിയ്ക്കു കഴിയുന്നു എന്നതാണ് ഈ ചിട്ടിയുടെ പ്രതേകത.

പ്രവാസി ചിട്ടി ഔപചാരികമായി ആരംഭിച്ചത് 2018 ജൂൺ 18-നാണ്,ആദ്യഘട്ടം എന്നനിലയിൽ യുഎ ഇ -യിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് മാത്രമായിരുന്നു പ്രവാസി ചിട്ടിയിൽ രെജിസ്റ്റർ ചെയ്യാൻ കഴിയുമായിരുന്നത്. ഇപ്പോൾ സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ എന്നീ രാജ്യങ്ങളിലും ഏറ്റവും ഒടുവിൽ യൂറോപ്പിലും ജോലി ചെയ്യുന്ന പ്രവാസികൾക്ക് കൂടി പ്രവാസി ചിട്ടിയിൽ ചേരാൻ അവസരം ഒരുക്കിയിട്ടുണ്ട്.ചിട്ടിയിലേയ്ക്ക് പണമടച്ച് ആദ്യമായി വരിക്കാരാകാൻ തുടങ്ങിയത് 2018 ഒക്ടോബർ 25-നാണ്. കേരള ചരിത്രത്തിൽ ആദ്യമായി ഓൺലൈൻ ചിട്ടി ലേലം  2018 നവംബർ 23-ന് നടന്നു. ഇതുവരെ 230  ചിട്ടികളിലായി 6982   പ്രവാസികൾ ചേരുകയും മൊത്തം Rs. 36.68  കോടി സമാഹരിക്കുകയും ചെയ്‌തു.

മസ്കറ്റിൽ പ്രവസിച്ചിട്ടി മീറ്റ് സംഘടിപ്പിക്കുന്നു

പ്രസ്തുത പദ്ധതിയെ പറ്റി കൂടുതൽ ചർച്ച ചെയ്യുന്നതിനും പ്രവാസി ചിട്ടിയെ പറ്റി കൂടുതൽ പ്രചാരണം നടത്തുന്നതിനും വേണ്ടി ഒമാനിലെ മസ്‌ക്കറ്റ്, സലാല എന്നീ സ്ഥലങ്ങളിൽ വച്ച് പ്രോഡക്ട് പ്രെസെന്റേഷൻ  മീറ്റുകൾ നടത്താൻ തീരുമാനിച്ചിരിയ്ക്കുന്നു. കെ എസ് എഫ്‌ ഇ ചെയർമാൻ ശ്രീ. പീലിപ്പോസ് തോമസ്, മാനേജിങ് ഡയറക്ടർ ശ്രീ. A . പുരുഷോത്തമൻ എന്നിവർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ഡയറക്റ്റർമാരും ഈ മീറ്റുകളിൽ പങ്കെടുക്കും.

മസ്ക്കറ്റിലെ പ്രോഡക്ട് പ്രെസെന്റേഷൻ  മീറ്റ് ജൂൺ 28-ന് ഗോൾഡൻ റ്റൂലിപ്സ് ഹെഡിങ്ങ്ടൺ (Golden Tulip Headington) ഹോട്ടലിൽ വച്ച് വൈകുന്നേരം ഏഴ് മണി മുതൽ ഒൻപത് മണി വരെ നടത്തുന്നു.

പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾ അറിയാനും ആഗ്രഹിക്കുന്നവർ ഒമാൻ കോർഡിനേറ്റർ ശ്രീ. പി.എം ജാബിറുമായി
(Mob: 00968-99335751) ബന്ധപ്പെടുക.