ന്യൂഡൽഹി: പ്രവാസമേഖലയിലെ വിദ്ധ്യാർത്ഥികളെ ഒരുമിപ്പിക്കുന്നതും അടിയന്തിരഘട്ടത്തിൽ സഹായമെത്തിക്കുന്നതും മറ്റും ലക്ഷ്യമാക്കി പ്രവാസി ലീഗൽ സെൽ ആരംഭിച്ച വിദ്ധ്യാർത്ഥി വിദ്ധ്യാർത്ഥി വിഭാഗം പ്രവർത്തനമാരംഭിച്ചു. നോർക്ക റൂട്സ് സിഇഒയും കേരള സർക്കാരിന്റെ അഡിഷണൽ സെക്രട്ടറിയുമായ ശ്രി.അജിത് കൊളശ്ശേരിയാണ് ഉൽഘാടനകർമ്മം നിർവഹിച്ചത്. തുടർന്ന്, മുൻ സി ഡി എസ് പ്രൊഫസ്സറും നിരവധി കുടിയേറ്റസംബന്ധമായ ഗ്രന്ഥങ്ങളുടെ രചയിതാവും ഇപ്പോൾ IIMAD (THE INTERNATIONAL INSTITUTE OF MIGRATION AND DEVELOPMENT) എന്ന സ്ഥാപനത്തിന്റെ അധ്യക്ഷനുമായ പ്രൊഫസർ എസ്. ഇരുദയരാജൻ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡന്റ്റ് അഡ്വ. ജോസ് എബ്രഹാം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ലീഗൽ സെൽ വിദ്ധ്യാർത്ഥി വിഭാഗം ഗ്ലോബൽ കോർഡിനേറ്റർ സുജ സുകേശൻ, ഗ്ലോബൽ വക്താവും പിഎൽസി ബഹറിൻ ചാപ്റ്റർ പ്രെസിഡന്റുമായ സുധീർ തിരുനിലം, പ്രവാസി ലീഗൽ സെൽ ദുബായ് ചാപ്റ്റർ അദ്ധ്യക്ഷൻ ശ്രി. ടി.എൻ. കൃഷ്ണകുമാർ, യുകെ ചാപ്റ്റർ അദ്ധ്യക്ഷ അഡ്വ. സോണിയ സണ്ണി, കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി അഡ്വ. ആർ മുരളീധരൻ തുടങ്ങിയവർ ചടങ്ങിന് ആശംസ അർപ്പിക്കുകയും ചെയ്തു.അടുത്തകാലത്തായി പല വിദേശ രാജ്യങ്ങളിലും ഇന്ത്യൻ വിദ്ധ്യാർത്ഥികൾ കടുത്ത ചൂഷണങ്ങൾക്കും മറ്റും വിധേയരാകുന്ന സാഹചര്യം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പ്രവാസി ലീഗൽ സെൽ വിദ്ധ്യാർത്ഥി വിഭാഗം രൂപീകരിച്ചത്. വിദേശത്തുള്ള ഇന്ത്യൻ വിദ്ധ്യാർത്ഥികൾക്ക് വേണ്ട സഹായം നൽകുന്നതോടൊപ്പം വിദേശത്തേക്ക് കുടിയേറുന്നവർക്കായി ബോധവത്കരണ പരിപാടികളും മറ്റും സംഘടിപ്പിക്കുക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷ്യം. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ഒന്നര പതിറ്റാണ്ടായി ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സർക്കാരിതര സംഘടനയാണ് പ്രവാസി ലീഗൽ സെൽ.വിദേശ തൊഴില്‍ തട്ടിപ്പ് തടയാന്‍ കേരള സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ ഏതാനം മാസങ്ങൾക്കുമുൻമ്പ് കേരള ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് ഏതാനം ദിവസങ്ങൾക്കുമുൻപ് കേരള സർക്കാർ സ്പെഷ്യൽ ടാസ്ക്ഫോഴ്സ് ഉൾപ്പെടെയുള്ള നടപടികൾ വിദേശ തൊഴില്‍ തട്ടിപ്പ് തടയാന്‍ സ്വീകരിച്ചിട്ടുമുണ്ട്.