ന്യൂഡൽഹിഃ എയർഇന്ത്യ എക്സ്പ്രസ്സ് വിമാനകമ്പനിയുടെ പുതുക്കിയ ബാഗേയ്ജ് നയത്തിൽ മാറ്റമാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ. ഈ നയത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രി ശ്രി. കെ. റാം മോഹൻ നായിഡുവിന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡെന്റ് അഡ്വ. ജോസ് എബ്രഹാം, ദുബായ് ചാപ്റ്റർ അധ്യക്ഷൻ ശ്രി. ടി.എൻ. കൃഷ്ണകുമാർ എന്നിവരാണ് നിവേദനം സമർപ്പിച്ചത്.
യുഎയിലും മറ്റ് ഗൾഫ് രാജ്യങ്ങളിലുമുള്ള പ്രവാസികൾക്ക് എയർഇന്ത്യ എക്സ്പ്രസ്സ് ബാഗെയ്ജ് നിരക്കിൽ കൊണ്ടുവന്ന മാറ്റം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ ഹാൻഡ്ലാക്യാരിയായി കൊണ്ടുപോകുന്ന ലാപ്‌ടോപ്പിന് പോലും എയർഇന്ത്യ എക്സ്പ്രസ്സ് ഒഴിവു നൽകുന്നില്ല. എന്നാൽ മറ്റെല്ലാ വിമാനകമ്പനികളും ലാപ്‌ടോപ്പിന് ഒഴിവ് നൽകുന്നുമുണ്ട്. ഇത്തരത്തിൽ എയർഇന്ത്യ എക്സ്പ്രസ്സ് കൊണ്ടുവന്ന പുതിയ നയം മാറ്റുന്നതിനായി വേണ്ട ഇടപെടലുകൾ കേന്ദ്രവ്യോമയാന മന്ത്രാലയം നടത്തണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.
സാധാരണക്കാരിൽ സാധാരണക്കാരായ പ്രവാസികൾ കൂടുതലായി യാത്രചെയ്യുന്ന വിമാനക്കമ്പനിയായ എയർഇന്ത്യ എക്സ്പ്രസ്സ് അടിയന്തിരമായി ഈ നയം തിരുത്തുമെന്നും അല്ലാത്തപക്ഷം കേന്ദ്രവ്യോമയാന മന്ത്രാലയം ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത് പ്രസ്താവനയിൽ പറഞ്ഞു.