പ്രവാസി ലീഗൽ സെൽ വിദ്ധ്യാർത്ഥി വിഭാഗം രൂപീകരിച്ചു. സുജ സുകേശൻ ഗ്ലോബൽ കോർഡിനേറ്റർ

ന്യൂഡൽഹിഃ പ്രവാസമേഖലയിലെ വിദ്ധ്യാർത്ഥികളെ ഒരുമിപ്പിക്കുന്നതും അടിയന്തിരഘട്ടത്തിൽ സഹായമെത്തിക്കുന്നതും മറ്റും ലക്ഷ്യമാക്കി പ്രവാസി ലീഗൽ സെൽ വിദ്ധ്യാർത്ഥി വിഭാഗം രൂപീകരിച്ചു. വിവിധ രാജ്യങ്ങളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്ധ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് പ്രവാസി ലീഗൽ സെൽ വിദ്ധ്യാർത്ഥി വിഭാഗം രൂപീകരിച്ചിരിക്കുന്നത്. ലണ്ടനിൽ ഉപരിപഠനം നടത്തുന്ന സുജ സുകേശൻ പ്രവാസി ലീഗൽ സെൽ വിദ്ധ്യാർത്ഥി വിഭാഗം ഗ്ലോബൽ കോർഡിനേറ്ററായി നിയമിതയായി. വിദേശത്തുള്ള ഇന്ത്യൻ വിദ്ധ്യാർത്ഥികൾക്ക് വേണ്ട സഹായം നൽകുന്നതോടൊപ്പം വിദേശത്തേക്ക് കുടിയേറുന്നവർക്കായി ബോധവത്കരണ പരിപാടികളും അതാത്‌ രാജ്യത്തെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഹെൽപ്ലൈൻ നമ്പറുകളും രൂപീകരിക്കുമെന്ന് സുജ സുകേശൻ പറഞ്ഞു. അടുത്തകാലത്തായി പല വിദേശ രാജ്യങ്ങളിലും ഇന്ത്യൻ വിദ്ധ്യാർത്ഥികൾ കടുത്ത ചൂഷണങ്ങൾക്കും മറ്റും വിധേയരാകുന്ന സാഹചര്യം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡന്റ്റ് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു. വിദ്ധ്യാർത്ഥി വിഭാഗത്തിന് എല്ലാവിധ സഹായസഹകരണങ്ങളും വിവിധരാജ്യങ്ങളിലുള്ള പ്രവാസി ലീഗൽ സെൽ ചാപ്റ്ററുകൾ ഉറപ്പാക്കുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത്‌ കൂട്ടിച്ചേർത്തു. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ഒന്നര പതിറ്റാണ്ടായി ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സർക്കാരിതര സംഘടനയാണ് പ്രവാസി  ലീഗൽ സെൽ.