പ്രവാസികൾക്ക് ഈടില്ലാതെ പത്തു ലക്ഷം രൂപ വരെ ബാങ്ക് വായ്പ

തിരുവനന്തപുരം ∙പ്രവാസി പുനരധിവാസത്തിനായുള്ള നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രന്റ്‌സ് പദ്ധതിയിൻ കീഴിൽ നോർക്ക റൂട്ട്‌സും പ്രമുഖ ദേശസാൽകൃത ബാങ്കായ യൂക്കോ ബാങ്കുമായി ധാരണാപത്രം ഒപ്പുവച്ചു. തിരുവന്തപുരത്ത് തൈക്കാട്ടുള്ള നോർക്ക റൂട്ട്‌സ് ആസ്ഥാന കാര്യാലയത്തിൽ നടന്ന ചടങ്ങിൽ നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ കെ. ഹരികൃഷണൻ നമ്പൂതിരിയും, യൂക്കോ ബാങ്ക് ചീഫ് മാനേജർ പി. വിജയ് അവിനാഷ് എന്നിവർ ധാരാണാപത്രം കൈമാറി.

നിലവിൽ പദ്ധതിയിൻ കീഴിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, സൗത്ത് ഇന്ത്യൻ ബാങ്ക്, കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ, കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്, കേരള സംസ്ഥാന പട്ടികജാതി/വർഗ്ഗ വികസന കോർപ്പറേഷൻ, കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘം (മലപ്പുറം), ബാങ്ക് ഓഫ് ബറോഡ, സിൻഡിക്കേറ്റ് ബാങ്ക്, ഫെഡറൽ ബാങ്ക്, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നീ ധനകാര്യ സ്ഥാപനങ്ങളുമായി ധാരാണാ പത്രം ഒപ്പ് വച്ചിട്ടുണ്ട്.

യൂക്കോ ബാങ്കിന് നിലവിൽ സംസ്ഥാനത്തുടനീളം 50 ശാഖകളും ടെഹറാൻ, സിംഗപൂർ, ഹോങ്കോങ്ങ് എന്നിവിടങ്ങളിലും ശാഖകൾ ഉണ്ട്. യൂക്കോ ബാങ്കുമായി ധാരാണാപത്രം ഒപ്പ് വച്ചതിലൂടെ ഈ പദ്ധതിയിൻകീഴിൽ 15 ധനകാര്യ സ്ഥാപനങ്ങളില 4600 ഓളം ശാഖകളിലൂടെ പദ്ധതിയുടെ പ്രയോജനം ലഭിക്കും. പത്ത് ലക്ഷം രൂപ വരെയുള്ള വായ്പകൾ ഈടില്ലാതെ നൽകാൻ യൂക്കോ ബാങ്ക് തീരുമാനിച്ചിട്ടുണ്ട്.

30 ലക്ഷം രൂപ വരെയുള്ള പദ്ധതികൾക്ക് 15% വരെ മൂലധന സബ്‌സിഡിയും (പരമാവധി 3 ലക്ഷം രൂപ വരെ) കൃത്യമായ തിരിച്ചടവിന് 3% പലിശ സബ്‌സിഡിയും നൽകുന്നുണ്ട്. നിലവിൽ ഈട് വയ്ക്കാൻ നിവർത്തിയില്ലാതെ, സംരംഭങ്ങൾ തുടങ്ങാൻ ബുദ്ധിമുട്ടുന്ന തിരികെയെത്തിയ പ്രവാസികൾക്ക് ഇത് വലിയൊരാശ്വാസമാവും. ഇതിലൂടെ കൂടുതൽ പേരിലേക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

നടപ്പ് സാമ്പത്തിക വർഷം (2019-20) ഈ പദ്ധതിയിൻ കീഴിൽ ഇതുവരെ 800 ഓളം പേർ ഗുണഭോക്താക്കളായിട്ടുണ്ട്.