പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളാവുക: പി എം ജാബിർ

മസ്കറ്റ്:മസ്കറ്റ് :പെൻഷൻ പദ്ധതിയിൽ ചേരാനായി ഒരു പ്രവാസി ആദ്യം ചെയ്യേണ്ടത് www.pravasiwelfarefund.org എന്ന വെബ്സൈറ്റിൽ ഫോം ഡൗൺലോഡ് ചെയ്യ്തു ഫോം പൂരിപ്പിച്ചു നൽകുക എന്നതാണ്,നിലവിൽ നേരിട്ടാണ് പൂരിപ്പിച്ച ഫോം നല്കാൻ സാധിക്കുന്നത്.പണം ബാങ്ക് വഴിയോ,അക്ഷയ കേന്ദ്രംവഴിയോ അടക്കാവുന്നതാണ്, സങ്കടനകളുമായി ചേർന്ന് ഫോം പൂരിപ്പിക്കാനും പണം അടക്കാനുമുള്ള സംവിധാനം ചെയ്തുവരുന്നു. 200 രൂപയാണ് അംഗത്വ ഫീസ്. അംഗത്വം അംഗീകരിച്ചു കഴിഞ്ഞാൽ വിദേശത്തുള്ള പ്രവാസികൾ മാസാമാസം 300 രൂപ അംശാദായമായി അടക്കണം. പ്രധാനപ്പെട്ട ബാങ്കുകളുമായി ചേർന്ന് കൊണ്ട് ഓൺലൈനിൽ അംശാദായം സ്വീകരിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. അറുപതു വയസ്സ് തികയുന്നതു വരെ അംശാദായം അടക്കണം. എന്നാൽ ചുരുങ്ങിയത് അഞ്ചു വർഷമെങ്കിലും ഇത് അടച്ചിരിക്കണം.

കേരള സർക്കാർ പ്രവാസികളുടെ ക്ഷേമത്തിന് വേണ്ടി രൂപീകരിച്ച കേരള പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളാകുവാൻ മുഴുവൻ പ്രവാസികളോടും ഭ്യർഥിതിക്കുന്നതായി കേരളപ്രവാസി കേരളിയ ക്ഷേമ ബോർഡ് ഡയറക്ടർ പി.എം ജാബിർ പറഞ്ഞു .ഒരു ആയുഷ്കാലം മുഴുവൻ പ്രവാസജീവിതം നയിച്ച് തിരിച്ചെത്തുന്ന മലയാളികൾക്ക് ഒരു ആശ്വാസം എന്ന നിലയിലാണ് പെൻഷനും മറ്റു നിരവധി ആനുകൂല്യങ്ങളും ഉൾപ്പെടുത്തി കൊണ്ട് കേരളീയ കേരള പ്രവാസി ക്ഷേമനിധി ബില്ല് 2009 ൽ കേരള നിയമസഭാ ഏകകണ്ഠമായി പാസ്സാക്കിയത്. ഇത് പ്രകാരം ശ്രീ ടി കെ ഹംസ ചെയർമാനായി കൊണ്ട് ക്ഷേമനിധി ബോർഡ് നിലവിൽ വന്നു. ഏതാണ്ട് ഒന്നര വർഷക്കാലം മാത്രം പ്രവർത്തിക്കാനെ അന്നത്തെ ബോർഡിന് സാധിച്ചിരുന്നുള്ളൂ. ആ ചുരുങ്ങിയ കാലയളവിൽ ഏതാണ്ട് ഒരു ലക്ഷത്തോളം പേരെ ക്ഷേമനിധിയിൽ അംഗങ്ങളായി ചേർക്കാൻ പ്രഥമ ബോർഡിന് സാധിച്ചു. വിവിധ സംഘടനകളുടെ സഹായത്താൽ ഏതാണ്ട് 15,000 പേരെ ഒമാനിൽ നിന്ന് മാത്രം ചേർക്കുകയുണ്ടായി. അതിനു ശേഷം വന്ന ബോർഡ് വേണ്ടത്ര ശ്രദ്ധ കൊടുക്കാതിരുന്നതുകൊണ്ടാവണം ആദ്യത്തെ ഒന്നര വർഷം കൊണ്ട് ചേർത്തതിന്റെ പകുതി പോലും പിന്നീടുള്ള അഞ്ചു വർഷം കൊണ്ട് ചേർക്കാൻ സാധിച്ചില്ല.
പ്രവാസികളുടെ ഹൃദയത്തുടിപ്പുകൾ അടുത്തറിയാവുന്ന ശ്രീ പിണറായി വിജയൻറെ നേതൃത്വത്തിൽ പുതിയ ഇടതുപക്ഷ സർക്കാർ അധികാരമേറ്റെടുത്തതിന് ശേഷം പ്രവാസികളുടെ വിവിധവിഷയങ്ങളിൽ ഒരു പുത്തനുണർവ് പ്രകടമായി. ബഡ്ജറ്റിൽ പ്രവാസികളുടെ കാര്യങ്ങൾക്കു കൂടുതൽ തുക വകയിരുത്തി. പ്രവാസികളുടെ നിലവിലുള്ള വിവിധ പദ്ധതികൾ പുനഃപരിശോധിക്കുന്നതിനും പുതിയവയെ കുറിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനുമായി കേരള പ്ലാനിംഗ് ബോർഡിന്റെ ഒരു വർക്കിങ് ഗ്രൂപ്പിന് രൂപം നൽകി. ഈ ലേഖകൻ ഉൾപ്പെടെ പ്രവാസി രംഗത്ത് പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റുകളും വിദഗ്ധരും അടങ്ങുന്ന വർക്കിങ് ഗ്രൂപ്പ് വളരെ പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിച്ചു. ഇതെ സമയം കേരള നിയമസഭയും, ദീർഘകാലം സ്വയം ഒരു പ്രവാസിയായിരുന്ന ശ്രീ കെ വി അബ്ദുൽഖാദർ എം എൽ എ ചെയർമാനായി കൊണ്ട് ഒരു ഉപസമിതിക്ക് രൂപം നൽകി. ഇവർ നൽകിയ വിലപ്പെട്ട നിർദ്ദേശങ്ങളൂം പ്ലാനിംഗ് ബോർഡിന്റെ നിർദ്ദേശങ്ങളും കേരള പഠന കോൺഗ്രസ്സിൽ ഉയർന്നു വന്ന നിർദ്ദേശങ്ങളും എല്ലാം പരിഗണിച്ച ശേഷം ചില ചുവടുവെപ്പുകൾ ഇടതുപക്ഷ സർക്കാർ നടത്തിയതിന്റെ ഫലമായി സുപ്രധാന നടപടികൾ ഉണ്ടായി.
തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസം എന്നും ഒരു കീറാമുട്ടിയായി തുടരുകയാണ്. ഇവർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനും പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിനും വേണ്ടി രൂപീകരിച്ച NDPREM സ്കീം വളരെയധികം പേർക്ക് ഉപകാരപ്രദമാവുകയുണ്ടായി. കൂടുതൽ ബാങ്കുകളെ ഉൾപ്പെടുത്തി ഇത് വിപുലീകരിക്കുന്നതിനു വേണ്ടി ആഗസ്ത് 31നു കോഴിക്കോട് വെച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന വിവിധ പ്രവാസി സംഘടനകളുടെയും സന്നദ്ധ പ്രവർത്തകരുടെയും കൺവെൻഷൻ തീരുമാനിക്കുകയുണ്ടായി.
പ്രവാസി കേരളീയ സഭ എന്ന പേരിൽ കേരളത്തിന് വെളിയിലുള്ള മുഴുവൻ മലയാളികളുടെയും ഒരു കൂടിച്ചേരൽ ഓരോ രണ്ടു വർഷക്കാലവും കേരള സർക്കാർ പ്രവാസി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തും. 2018 ജനുവരിയിൽ ആദ്യത്തെ ലോക കേരള സഭ നടത്താനാണ് ഉദ്ദേശിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾക്ക് പ്രാതിനിധ്യം ലഭിക്കുന്ന പ്രവാസി കേരളീയ സഭ പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ ചർച്ചയ്ക്കും വിചിന്തനത്തിനും പ്രാപ്തമാക്കുന്ന തരത്തിലായിരിക്കും. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമാക്കും.
പ്രവാസി വിഷയത്തിൽ ഏറ്റവും സജീവമായ ഇടപെടൽ നടത്തിക്കൊണ്ടിരുന്ന ശ്രീ പി ടി കുഞ്ഞിമുഹമ്മദ് ചെയർമാനായി ക്ഷേമനിധി ബോർഡ് പുനഃസംഘടിപ്പിച്ചു. ബോർഡിന്റെ ആദ്യ യോഗത്തിൽ തന്നെ പ്രവാസി ക്ഷേമനിധി കുറേക്കൂടെ ആകർഷകമാക്കി കൂടുതൽ പേരെ അംഗങ്ങളാക്കാൻ ബോർഡ് ഗുണകരമായ ചില തീരുമാനങ്ങൾ എടുത്തിട്ടുണ്ട്.
1. പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളായി ചേരാനുള്ള പ്രായപരിധി 55 വയസ്സായിരുന്നു. ഇത് 60 വയസ്സായി ഉയർത്തണമെന്ന ശുപാർശ ശ്രീ ടി കെ ഹംസ ചെയർമാനായിരുന്ന ബോർഡിന്റെ ഒരു യോഗത്തിൽ കൈക്കൊള്ളുകയുണ്ടായി. കടമ്പകളേറെ കടന്നുവെങ്കിലും ഇപ്പോൾ 60 വയസ്സുവരെയുള്ള ഏതൊരു പ്രവാസിക്കും പ്രവാസിക്ഷേമനിധിയിൽ അംഗങ്ങളായി ചേരാവുന്നതാണ്. അറുപത്തഞ്ചു വയസ്സുവരെയുള്ള തിരിച്ചെത്തിയ പ്രവാസികൾക്കും ഒറ്റത്തവണ അംശാദായം അടച്ചു കൊണ്ട് അംഗമായി ചേരാം എന്ന ശുപാർശ ബോർഡ് സർക്കാർ മുൻപാകെ സമർപ്പിച്ചിരിക്കുകയാണ്.
2. പെൻഷൻ തുകയിലും ഇരട്ടിയിലേറെ വർദ്ധനവ് വരുത്തിയിരിക്കുകയാണ്. കേരളത്തിൽ തിരിച്ചെത്തിയ ഇന്ത്യക്കകത്തുള്ള പ്രവാസികൾക്ക് 500 ഉം വിദേശത്തുള്ളവർക്കു 1000 ഉം എന്നുള്ളത് വർധിപ്പിച്ചു എല്ലാവര്ക്കും 2000 രൂപ പെൻഷൻ ആയി ലഭിക്കും. ഇത് സപ്തംബർ 1 മുതൽ പ്രാബല്യത്തിൽ വന്നു. വിദേശത്തുള്ള പ്രവാസികളുടെ പെൻഷൻ തുക 3000 ആയി വർധിപ്പിക്കണം എന്ന ശുപാർശ ബോർഡ് സർക്കാരിന് മുൻപാകെ സമർപ്പിച്ചിട്ടുണ്ട്. വരുന്ന മാസങ്ങളിൽ ഇത് സംബന്ധിച്ച നടപടികൾ ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷ.
3. അംഗമായിരുന്ന വ്യക്തി മരണമടഞ്ഞാൽ കുടുംബത്തിന് ലഭിക്കുന്ന ആനുകൂല്യം അമ്പതിനായിരം രൂപയിൽ നിന്നും ഒരു ലക്ഷമായി ഉയർത്തി. ഇത് നടപ്പിൽ വന്നു കഴിഞ്ഞു.
4. വിവിധ കാരണങ്ങളാൽ അംശാദായം ഒരു വർഷത്തിൽ കൂടുതൽ അടക്കാത്തതിനാൽ അംഗത്വം നഷ്ടപ്പെട്ട നിരവധി പേരുണ്ട്. അത്തരക്കാർ പിഴയും പലിശയും നല്കിയെങ്കിലേ അംഗത്വം സാധ്യമാവുകയുള്ളൂ. എന്നാൽ അവർക്കു ഒരു അവസരം കൂടെ നൽകുക എന്ന ഉദ്ദേശ്യത്തോടെ പിഴയോ പലിശയോ കൂടാതെ അംശാദായം അടച്ചു അംഗത്വം സാധുവായി നിലനിർത്തുന്നതിന് ഒരു അവസരം കൂടെ നല്കാൻ ബോർഡ് തീരുമാനിച്ചു.2017 സപ്തംബർ 1 മുതൽ ആറു മാസത്തേക്കാണ് ഇതിനു സാഹചര്യം ഒരുക്കിയിട്ടുള്ളത്.
5. ക്ഷേമനിധിയിലേക്കുള്ള അംഗത്വം ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം പുതിയ ബോർഡ് വന്നതിനു ശേഷം നിലവിൽ വന്നു. ഇതിലുള്ള അപാകതകൾ നീക്കി കുറ്റമറ്റതാക്കാൻ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. മാത്രമല്ല അംശാദായം അടയ്ക്കുന്നതിന് കൂടുതൽ ബാങ്കുകളുമായി ധാരണയിലെത്തിയിട്ടുമുണ്ട്.
ഇതിനു പുറമെ പ്രവാസികളുടെ നിക്ഷേപ സുരക്ഷ` ഉറപ്പു വരുത്തുന്നതിന് വേണ്ടി ഡിവിഡന്റ് പെൻഷൻ പദ്ധതി എന്ന പേരിൽ ഒരു പുതിയ പദ്ധതി ആവിഷ്കരിക്കുന്നതിനു സർക്കാരിനോട് ബോർഡ് ശുപാർശ ചെയ്തിട്ടുണ്ട്. അഞ്ചു ലക്ഷം മുതൽ അമ്പതു ലക്ഷം വരെ തുക ഒറ്റതവണയായോ മൂന്നു കൊല്ലം ആറു ഗഡുക്കളായോ നിക്ഷേപിച്ചാൽ 5,000/- മുതൽ 50,000/- വരെ പെൻഷൻ ലഭിക്കുന്നതാണ് പദ്ധതി.
പ്രൊട്ടക്ടഡ് പ്രവാസി വില്ലേജ് പദ്ധതി എന്ന പുതിയ ഒരു സ്കീമിനെക്കുറിച്ചും ബോർഡ് സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ട്. നഗര പ്രാന്ത പ്രദേശങ്ങളിൽ രണ്ടു മുതൽ മൂന്നു ഏക്കർ വരെയുള്ള സ്ഥലങ്ങൾ ഗവണ്മെന്റ് മുഖേന ഏറ്റെടുത്തു 5 – 10 സെന്റുകളായി തിരിച്ചു 1000 – 3000 സ്ക്വയർ ഫീറ്റ് വില്ലകൾ നിർമിച്ചു പ്രവാസികൾക്ക് വില നിശ്ചയിച്ചു നൽകുന്നതാണ് പദ്ധതി.
ഇവയ്ക്കൊക്കെ പുറമെ പ്രവാസിക്ഷേമനിധിയിൽ മറ്റു നിരവധി ആനുകൂല്യങ്ങൾക്കും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
1. കുടുംബ പെൻഷൻ
2. ചികിത്സാസഹായം
3. വിവാഹ ധനസഹായം
4. പ്രസവാനുകൂല്യം
5. വിദാഭ്യാസാനുകൂല്യം
6. ഭവന നിർമാണ ആനുകൂല്യം
അംഗങ്ങളായി ചേർന്ന പലർക്കും മേല്പറഞ്ഞ ആനുകൂല്യങ്ങളിൽ ചിലതു ലഭിച്ചു കഴിഞ്ഞു.
2017 ജൂൺ വരെയുള്ള കണക്കനുസരിച്ചു 1,77,944 പേർ പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളായി ചേർന്നിട്ടുണ്ട്. അയ്യായിരത്തിനടുത്ത് പ്രവാസികൾ ഇതിനകം പെൻഷൻ പറ്റി തുടങ്ങിയിട്ടുണ്ട്. വരും മാസങ്ങളിൽ ചുരുങ്ങിയത് പത്തു ലക്ഷം പ്രവാസികളെയെങ്കിലും അംഗങ്ങളായി ചേർക്കണമെന്നാണ് ബോർഡ് ആഗ്രഹിക്കുന്നത്. അതിനായി കക്ഷി രാഷ്ട്രീയത്തിനതീതമായി മുഴുവൻ പ്രവാസി സംഘടനകളുടെയും കൂട്ടായ്മകളുടെയും സാമൂഹ്യ പ്രവർത്തകരുടെയും സഹായ സഹകരണങ്ങൾഭ്യർഥിതിക്കുന്നതായി കേരള പ്രവാസി കേരളിയ ക്ഷേമ ബോർഡ് ഡയറക്ടർ പി.എം ജാബിർ പറഞ്ഞു