വീട്ടുജോലിക്കാരുടെ പ്രീ-എംപ്ലോയ്‌മെന്റ് ചെക്കപ്പ് സ്വകാര്യ മേഖലയിൽ

DESK@BAHRAIN

മനാമ :വീട്ടു ജോലിക്കാരുടെ  പ്രീ-എംപ്ലോയ്‌മെന്റ്  ചെക്കപ്പ് പൂർണമായും സ്വകാര്യ മേഖലയിൽ ഏർപ്പെടുത്തി ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കൽ കമീഷൻസ് മേധാവി ഡോ. ഐഷ അഹ്മദ് ഹുസൈനാണ് ഇക്കാര്യം വ്യക്തമാക്കിയത് . ഗാർഹിക തൊഴിലാളികളുടെ മെഡിക്കൽ പരിശോധന നടപടികൾ വേഗത്തിലാക്കുന്നതിനു വേണ്ടിയുള്ള  തീരുമാനമാണെന്ന്  അവർ പറഞ്ഞു.ബഹ്റൈനിൽ എത്തി അഞ്ചു ദിവസത്തിനകം തൊഴിലാളികൾ മെഡിക്കൽ ചെക്കപ്പ് നടത്തണം.  അടുത്തുള്ളതും ചെലവു കുറഞ്ഞതുമായ പരിശോധനകേന്ദ്രം തിരഞ്ഞെടുക്കാൻ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും സാധ്യമാകും . ബഹ്റൈന്റെ ദേശീയ പോർട്ടലായ bahrain.bh വഴി അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യാനും തീയതി മാറ്റാനും പരിശോധനഫലത്തിന്റെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെയും പ്രിന്റൗട്ട് എടുക്കാനും കഴിയും .തീരുമാനം നടപ്പാക്കുന്നതിന്  ഒരു വർക്കിങ് ഗ്രൂപ്പിനും രൂപം നൽകിയിട്ടുണ്ട്.ആരോഗ്യ മന്ത്രാലയം, ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ), നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി എന്നിവയുടെ പ്രതിനിധികൾ സമിതിയിൽ അംഗങ്ങളാണ്.ഗാർഹിക തൊഴിലാളികളുടെ സമഗ്രമായ സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കുക, മെഡിക്കൽ പരിശോധന നടപടികൾ മെച്ചപ്പെത്തുക, സ്വകാര്യ മേഖലയുടെ പങ്കാളിത്തം ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളും ഈ തീരുമാനത്തിന് പിന്നിലുണ്ട് .