ഇന്ത്യൻ സ്കൂൾ മെഗാ ഫെയറിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

മനാമ: നവംബർ 23, 24, 25 തീയതികളിൽ നടക്കുന്ന ഇന്ത്യൻ സ്കൂൾ മെഗാ ഫെയറിന്റെ  ഒരുക്കങ്ങൾ പൂർത്തിയായി. സ്കൂൾ യുവജനോത്സവ തരംഗിന്റെ ഗ്രാൻഡ് ഫിനാലെ നവംബർ 23നു ബുധനാഴ്ച വൈകുന്നേരം 6 മണിക്ക്  ഇസ ടൗൺ   സ്കൂൾ ഗ്രൗണ്ട് വേദിയാകും . ദക്ഷിണേന്ത്യൻ പിന്നണി ഗായകരായ സിദ്ധാർത്ഥ് മേനോനും മൃദുല വാര്യരും സംഘവും നയിക്കുന്ന സംഗീത പരിപാടികൾ നവംബർ 24 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും. ഗായകരായ സച്ചിൻ വാര്യർ, വിഷ്ണു ശിവ, അവനി, അബ്ദുൾ സമദ് എന്നിവർ ഗായക സംഘത്തിലെ മറ്റു അംഗങ്ങൾ. നവംബർ 25നു വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ബോളിവുഡ് ഗായിക ഭൂമി ത്രിവേദിയും സംഘവും നയിക്കുന്ന ഗാനമേള അരങ്ങേറും.  പ്രവേശന ടിക്കറ്റിന്റെ അടിസ്ഥാനത്തിൽ സന്ദർശകർക്ക് വിവിധ സമ്മാനങ്ങൾ നേടാനുള്ള അവസരം ഒരുക്കിയിട്ടുണ്ട് . ഒന്നാം സമ്മാന ജേതാവിനു മിത്സുബിഷി എഎസ്എക്സ് കാറും രണ്ടാം സമ്മാനം നേടുന്നവർക്ക് എംജി 5 കാറും ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയർ അവതാരകരായ സയാനി മോട്ടോഴ്സ് നൽകും .പരിപാടിയുടെ വിജയത്തിനായി ഒരു വലിയ സംഘാടന സമിതിതന്നെ പിന്നിൽപ്രവർത്തിക്കുന്നുണ്ട് . 501 അംഗ കമ്മിറ്റിയിൽ രക്ഷിതാക്കളും അധ്യാപകരും സാമൂഹികപ്രവർത്തകരും ഉൾപ്പെടുന്നു.സ്കൂൾ മേളയോടൊപ്പം ഭക്ഷ്യമേളയും ഇന്ത്യൻ വിഭവങ്ങൾ ലഭ്യമാക്കുന്ന വിവിധ സ്റ്റാളുകളും അങ്ങനെ  വർണ്ണാഭമായ കാഴ്ചയ്ക്കാണ് ഇന്ത്യൻ സ്കൂൾ വേദിയാകുന്നത്  . യുവജനോത്സവ വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും നവംബർ 23ന് ഗ്രാൻഡ് ഫിനാലെയിൽ വിതരണം ചെയ്യും.മേളയുടെ ഭാഗമായി വിദ്യാർഥികളുടെ ചിത്രപ്രദർശനം ഒരുക്കിട്ടുണ്ട് . ഇന്ത്യൻ സ്‌കൂളിന് സമീപമുള്ള ദേശീയ സ്റ്റേഡിയത്തിൽ പാർക്കിങ് സൗകര്യംഒരുക്കിട്ടുണ്ട് . മേള ദിവസങ്ങളിൽ സ്കൂൾ കാമ്പസിൽ നിന്ന് സ്റ്റേഡിയത്തിലേക്ക് ഷട്ടിൽ ബസ് സർവീസ് ഉണ്ടായിരിക്കും. സ്‌കൂൾ ഫുട്‌ബോൾ ഗ്രൗണ്ടിൽ വിനോദ പരിപാടികളും അനുബന്ധ സ്റ്റാളുകളും അത്‌ലറ്റിക് ഗ്രൗണ്ടിൽ ഭക്ഷണ സ്റ്റാളുകളും മറ്റ് വാണിജ്യ സ്റ്റാളുകളും ക്രമീകരിക്കും. വിവിധ വിനോദ പരിപാടികളും കുട്ടികൾക്കായി ഗെയിം സ്റ്റാളുകളും ജഷൻമൽ ഓഡിറ്റോറിയത്തിലുണ്ടാകും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പാചക വൈവിധ്യം അനുഭവിക്കാൻ മെഗാ ഫെയർ ഫുഡ് സ്റ്റാളുകൾ അവസരമൊരുക്കും. കുടുംബങ്ങൾക്ക് വിനോദ പരിപാടികൾ ആസ്വദിക്കാനുള്ള കാർണിവലായിരിക്കും ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയർ. മേളയും പരിസരവും സിസിടിവി നിരീക്ഷണത്തിലായിരിക്കുമെന്ന് അധികൃതർ പറഞ്ഞു . മേള നടത്തുന്നതിന് ആവശ്യമായ അനുമതി ബന്ധപ്പെട്ട മന്ത്രാലയങ്ങളിൽ നിന്ന് സ്കൂളിന് ലഭിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.