മനാമ: നമ്മുടെ കുട്ടികളെ ഭാവിയിലെ നല്ല വിളവെടുപ്പിന്റെ വിത്തുകളാക്കി പാകം ചെയ്തെടുക്കേണ്ട ചുമതല അധ്യാപകരുടെയും രക്ഷിതാക്കളുടേയും കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂവെന്ന് അൽ മന്നാഇ പ്രബോധകൻ സമീർ ഫാറൂഖി അഭിപ്രായപ്പെട്ടു. ഒരു കർഷകൻ തന്റെ കൃഷിയിടത്തിലെ കളകൾ നീക്കം ചെയ്യുന്നത് പോലെ അധ്യാപകർ വിദ്യാർത്ഥികളുടെ മനസ്സിൽ രൂപപ്പെട്ടു വരുന്ന ചീത്ത സ്വഭാവങ്ങളെ നീക്കം ചെയ്ത് സമൂഹത്തിനും കുടുംബത്തിനും ഉപകാരപ്പെടുന്ന ഭാവിയിലെ നല്ല പൗരന്മാരായി വളരാൻ സഹായിക്കുന്നവരാണെന്നും അതിനുവേണ്ടി രക്ഷിതാക്കളും അധ്യാപകരുടെ കൂടെ നിന്ന് സഹകരിക്കണമെന്നും റയ്യാൻ സ്റ്റഡി സെന്റർ സംഘടിപ്പിച്ച സമ്മർ സ്‌കൂൾ സമാപന ചടങ്ങിൽ സമീർ ഫാറൂഖി രക്ഷിതാക്കളെ ഓർമിപ്പിച്ചു.
രണ്ടു മാസം നീണ്ടുനിന്ന വെക്കേഷൻ ക്ലാസിലെ അനുഭവങ്ങൾ വിവിധ വിദ്യാർത്ഥികൾ സദസ്സുമായി പങ്കുവെച്ചു. സമ്മർ ക്ലാസിലൂടെ കുട്ടികൾക്ക് വന്ന മാറ്റങ്ങളെക്കുറിച്ച് വിവിധ രക്ഷിതാക്കൾ വിവരിച്ചു. വിവിധ വൈജ്ഞാനിക പരിപാടികളിൽ വിദ്യാർത്ഥികൾ ഭാഗഭാക്കായി.
ഖത്തർ പ്രതിനിധി ജുനൈദ് ബിൻ യാക്കൂബ്, ഉസ്താദ് യഹ്‌യ സി.ടി. എന്നിവർ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വേനലവധിക്ക് ശേഷം റയ്യാൻ സെന്റർ ഓഫ്‌ലൈൻ ക്ളാസുകൾ സെപ്തമ്പർ ആറിന് വെള്ളിയാഴ്ച മുതലും ഓൺ ലൈൻ ക്ളാസുകൾ സെപ്തമ്പർ 10 ചൊവ്വാഴ്ച മുതലും പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ വിഭാഗം കൺവീനർ ഫക്രുദ്ദീൻ അറിയിച്ചു.
ലത്തീഫ് ചാലിയം സ്വാഗതവും സമ്മർ പ്രോഗ്രാം കോർഡിനേറ്റർ സലീം പാടൂർ നന്ദിയും പറഞ്ഞു.