സൗദി അറേബ്യ : പരിശുദ്ധ ഹജിനു മുന്നോടിയായി വിശുദ്ധ കഅ്ബാലയത്തെ അണിയിച്ച കിസ്വ ഹറംകാര്യ വകുപ്പ് ഉയർത്തിക്കെട്ടി. വ്യാഴാഴ്ച രാത്രി ഇശാ നമസ്കാരത്തിനു ശേഷമാണ് കിസ്വ ഉയർത്തിക്കെട്ടിയത്. മൂന്ന് മീറ്റർ ഉയരത്തിലാണ് കിസ്വ ഉയർത്തിയത്.
ഉയർത്തിക്കെട്ടിയ കിസ്വയുടെ ഭാഗം തൂവെള്ള പട്ടുതുണി കൊണ്ട് മൂടിയിട്ടുമുണ്ട്. ഹറംകാര്യ വകുപ്പിനു കീഴിലെ കിംഗ് അബ്ദുൽ അസീസ് കിസ്വ നിർമാണ കോംപ്ലക്സിലെ 37 ജീവനക്കാർ ചേർന്നാണ് കിസ്വ ഉയർത്തിക്കെട്ടിയത്. ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസും ചടങ്ങിൽ പങ്കാളിത്തം വഹിച്ചു. കിസ്വ ഉയർത്തിക്കെട്ടിയ ശേഷം ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസും മറ്റും ചേർന്ന് ഏറ്റവും മുന്തിയ അത്തർ വിശുദ്ധ കഅ്ബാലയത്തിന്റെ ഭിത്തിയിലും ഹജ്റുൽ അസ്വദിലും പുരട്ടുകയും ചെയ്തു.
ഹജ് തീർഥാടകർ അറഫയിൽ സമ്മേളിക്കുന്ന ദുൽഹജ് ഒമ്പതിന് പഴയ കിസ്വ മാറ്റി വിശുദ്ധ കഅ്ബാലയത്തെ പുതിയ കിസ്വ അണിയിക്കും. ഹജ് സീസൺ അവസാനിക്കുന്നതോടെ കിസ്വ പഴയപടി താഴ്ത്തിക്കെട്ടും.
ഹജ് വേളയില്‍ തീർഥാടകർ പിടിച്ചുവലിക്കുന്നത് ഒഴിവാക്കാനും വൃത്തിയായി സൂക്ഷിക്കാനുമാണ് കിസ്വ ഉയർത്തിക്കെട്ടുന്നത്. കഴിഞ്ഞ കൊല്ലത്തെ പോലെ തന്നെ ഈ വർഷവും കൊറോണ വ്യാപനം തടയാനുള്ള മുൻകരുതലുകളുടെ ഭാഗമായി വിശുദ്ധ കഅ്ബാലയത്തിലും ഹജ്റുൽ അസ്വദിലും സ്പർശിക്കാനും തീർഥാടകരെ അനുവദിക്കുന്നില്ല
ഹജിനു മുന്നോടിയായി വിശുദ്ധ കഅ്ബാലയത്തെ അണിയിച്ച കിസ്വ ഉയർത്തിക്കെട്ടി
By: Mujeeb Kalathil