മനാമ : ആതുര ശുശ്രൂഷ രംഗത്ത് മലയാളി നഴ്സുമാർ നടത്തുന്നത് സ്തുത്യർഹമായ പ്രവർത്തനം ആണ്. കോവിഡ് കാലത്തും, മറ്റ് പ്രതിസന്ധികൾ നേരിടുമ്പോളും ലോകത്ത് എല്ലായിടത്തും ജോലി ചെയ്തു വരുന്ന മലയാളികളായ ആരോഗ്യ പ്രവർത്തകർ നടത്തി വരുന്നത് രാജ്യത്തിന് അഭിമാനിക്കാൻ അവസരം നൽകുന്ന കാര്യമാണ് എന്ന് മുതിർന്ന കോൺഗ്രസ് നേതാവും, ചാലക്കുടി എം പി യുമായ ബെന്നി ബഹന്നാൻ ബഹ്‌റൈനിലെ ഇന്ത്യൻ അംബാസിഡർ വിനോദ് കെ ജേക്കബുമായിട്ടുള്ള കൂടിക്കാഴ്ചയിൽ അഭിപ്രായപെട്ടു. തൊഴിൽ തേടി എത്തുന്ന ഇന്ത്യക്കാർക്ക് ബഹ്‌റൈനിലെ ഇന്ത്യൻ എംബസി നൽകുന്ന പിന്തുണയും, സഹായവും വളരെ വലുതാണ് എന്നും അദ്ദേഹം അഭിപ്രായപെട്ടു. ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്ന നഴ്സുമാർ നേരിടുന്ന ചില പ്രശ്നങ്ങൾ അംബാസിഡറുമായുള്ള കൂടിക്കാഴ്ച്ചയിൽ ചർച്ച നടത്തി, പ്രശ്നങ്ങൾ ബഹ്‌റൈൻ അധികാരികളെ ഉടനെ അറിയിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുംഎന്ന് അംബാസിഡർ ഉറപ്പ് നൽകി. അംബാസിഡറുമായുള്ള കൂടികാഴ്ച്ചയിൽ ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് ജോൺ മത്തായി, ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ഐ വൈ സി ഇന്റർനാഷണൽ ബഹ്‌റൈൻ ചെയർമാർ നിസാർ കുന്നംകുളത്തിൽ, റംഷാദ് അയിലക്കാട് എന്നിവർ കൂടെ ഉണ്ടായിരുന്നു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഇജാസ് അഹമ്മദ് കൂടിക്കാഴ്ചയിൽ സന്നിഹിതനയായിരുന്നു.