മനാമ: ബഹ്റൈനിൽ അയക്കൂറ മത്സ്യം പിടിക്കുന്നത് താത്കാലികമായി നിരോധിച്ചു. മത്സ്യസമ്പത്ത് സംരക്ഷണത്തിന്റെ ഭാഗമായാണ് അയക്കൂറ മത്സ്യത്തെ പിടിക്കുന്നത് രണ്ടുമാസത്തേക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത് .മത്സ്യങ്ങളുടെ പ്രജനന സീസണ് ആയതിനാലാണ് അയക്കൂറ മത്സ്യം പിടിക്കുന്നത് നിരോധിച്ചത്. പ്രജനന കാലത്ത് മത്സ്യബന്ധനം നിര്‍ത്തി വെക്കാനുള്ള ജിസിസി മന്ത്രിതല തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മുന്‍സിപ്പാലിറ്റി മന്ത്രാലയത്തിന്റെ നടപടി.അറേബ്യൻ ഗൾഫ് മേഖലയിലെ രാജ്യങ്ങൾ സംയുക്തമായെടുത്ത തീരുമാനമാണിത്. ആഗസ്റ്റ് 15 മുതൽ ഒക്ടോബർ 15 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. നിരോധന കാലയളവില്‍ വല ഉപയോഗിച്ച് കിങ് ഫിഷ് പിടിക്കാന്‍ പാടില്ല. മീന്‍ പിടിക്കുന്നതിനുള്ള വലകള്‍ വില്‍ക്കുന്നതിനും അവ കൊണ്ടുപോകുന്നതിനും നിരോധനമുണ്ട്. അതേസമയം ഫിഷറീസ് വകുപ്പിന്റെ ലൈസന്‍സുള്ള ബോട്ടുകള്‍ക്കും ചെറിയ കപ്പലുകള്‍ക്കും ചൂണ്ട ഉപയോഗിച്ച് മീന്‍ പിടിക്കാൻ സാധിക്കും. നിയമം ലംഘിച്ചാൽ ശിക്ഷയും,പിഴയും നേരിടേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി.
.