ദുബായ് : ബംഗ്ലാദേശിലെ ആഭ്യന്തര പ്രശ്നങ്ങളുടെ പേരിൽ യുഎഇയിൽ തെരുവിൽ ഇറങ്ങി നാശനാഷ്ടങ്ങൾ ഉണ്ടാക്കിയ കേസിലാണ് അധികൃതർ നടപടി സ്വീകരിച്ചിരിക്കുന്നത് . ബംഗ്ലാദേശില്‍ നടക്കുന്ന സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് യുഎഇയില്‍ കഴിഞ്ഞ വെള്ളി ആഴ്ച കൂട്ടംകൂടി പ്രതിഷേധിച്ച ബംഗ്ലാദേശ് പൗരന്മാര്‍ക്ക് അബുദാബി ഫെഡറല്‍ അപ്പീല്‍ കോടതി ശിക്ഷ വിധിച്ചു . മൂന്ന് ബംഗ്ലാദേശ് പൗരന്മാർക്ക് ജീവപര്യന്തം തടവും 54 പേർക്ക് ജയിൽ ശിക്ഷയുമാണ് വിധിച്ചിരിക്കുന്നത് . ശിക്ഷാ കാലാവധിക്ക് ശേഷം ഇവരെ നാടുകടത്തും. ഇതിൽ 53 പേർക്ക് 10 വർഷം തടവും നാടുകടത്തലും ഒരാൾക്ക് 11 വർഷം തടവും നാടുകടത്തലുമാണ് ശിക്ഷ.പൊതുസ്ഥലത്ത് അനുവാദമില്ലാതെ കൂട്ടം കൂടുക, മാതൃരാജ്യത്തിനെതിരെ യുഎഇയിൽ പ്രതിഷേധിക്കുക, സമൂഹത്തിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പെരുമാറുക, ക്രമസമാധാനം നശിപ്പിക്കുക, മറ്റുള്ളവരുടെ സ്വാതന്ത്ര്യം ഹനിക്കുക, മറ്റുള്ളവർക്ക് അപകടവും പരുക്കും ഉണ്ടാക്കുക, മറ്റുള്ളവരുടെ അവകാശം ഹനിക്കുക, ഗതാഗതം തടസ്സപ്പെടുത്തുക, സ്വകാര്യ – പൊതു സ്വത്തുക്കൾ നശിപ്പിക്കുക എന്നീ കുറ്റകൃത്യങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.സ്വന്തം രാജ്യത്തെ സർക്കാരിനെ സമ്മർദത്തിലാക്കാൻ പ്രകടനങ്ങൾക്ക് ആഹ്വാനം ചെയ്തതിനും കലാപത്തിന് പ്രേരിപ്പിച്ചതിനുമാണ് മൂന്ന് പ്രതികളെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇവരില്‍ നിന്ന് പിടിച്ചെടുത്ത എല്ലാ ഉപകരണങ്ങളും കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടുണ്ട് .