ശമ്പളം കുറക്കുന്ന കമ്പനികൾ തെളിവ് ഹാജരാക്കണം – തൊഴിൽ മന്ത്രി

മസ്​കറ്റ് : കോവിഡ്​ പ്രതിസന്ധി മൂലം ശമ്പളം കുറക്കുന്ന സ്വകാര്യ കമ്പനികൾ മതിയായ തെളിവുകൾ ഹാജരാക്കേണ്ടതുണ്ടെന്ന്​ മാനവ വിഭവശേഷി വകുപ്പ്​ മന്ത്രി ശൈഖ്​ അബ്​ദുല്ല അൽ ബക്​രി പറഞ്ഞു. കോവിഡിനെ തുടർന്നുള്ള സാഹചര്യങ്ങൾ സ്​ഥാപനത്തി​ന്റെ പ്രവർത്തനത്തെ എങ്ങനെ ദോഷകരമായി ബാധിച്ചുവെന്നതിനുള്ള തെളിവുകളാണ്​ ഹാജരാക്കേണ്ടത്​. സുപ്രീം കമ്മിറ്റി അനുമതി നൽകിയ ശമ്പളം കുറക്കുന്നതടക്കം നടപടികൾ ഇതിന്​ ശേഷം മാത്രമേ കൈകൊള്ളാൻ പാടുള്ളൂവെന്നും സുപ്രീം കമ്മിറ്റിയുടെ വാർത്താ സമ്മേളനത്തിൽ സംസാരിക്കവേ മന്ത്രി പറഞ്ഞു. പ്രതിസന്ധിയിലുള്ള കമ്പനികൾക്ക്​ തൊഴിലാളികളുമായുള്ള ധാരണ പ്രകാരം ജോലി സമയത്തിലെ കുറവിന്​ ആനുപാതികമായി ശമ്പളം കുറക്കുന്നതിനും വിദേശ തൊഴിലാളികളുടെ തൊഴിൽ കരാർ അവസാനിപ്പിക്കുന്നതിനും കഴിഞ്ഞ ദിവസം സുപ്രീം കമ്മിറ്റി അനുമതി നൽകിയിരുന്നു. വേതനം കുറക്കുന്നതടക്കം നടപടികൾ കൈകൊള്ളുന്നതിന്​ മുമ്പ്​ സാധ്യമായ എല്ലാ പരിഹാര മാർഗങ്ങളും തേടണം. തൊഴിലാളികളുമായി ധാരണയിൽ എത്തിയ ശേഷം മാത്രമേ ശമ്പളം കുറക്കാൻ പാടുള്ളൂ. സുപ്രീം കമ്മിറ്റി തീരുമാനം വരുന്നതിന്​ മുമ്പ്​ വേതനത്തിൽ കുറവ്​ വരുത്തിയ കമ്പനികളുമായി ചർച്ചകൾ നടന്നുവരുകയാണ്​. ഇവർ ഇങ്ങനെ കുറവ്​ വരുത്തിയ പണം തൊഴിലാളികൾക്ക്​ തിരികെ നൽകണം. ഇൗ വിഷയത്തിൽ 26 കമ്പനികളുമായി ധാരണയിലെത്തി. 15 കമ്പനികളുമായി ചർച്ചകൾ നടന്നുവരുകയാണ്​. സ്വദേശി തൊഴിലാളികളുടെ അവകാശങ്ങൾ എല്ലാ കമ്പനികളും സംരക്ഷിക്കണമെന്നും മാനവ വിഭവശേഷി മന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ കമ്പനികൾക്ക്​ പരസ്​പര ധാരണയുടെ അടിസ്​ഥാനത്തിൽ തൊഴിലാളികളെ പരസ്​പരം കൈമാറ്റം ചെയ്യാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.