മനാമ : പുതുപ്പള്ളിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ വിജയം കേന്ദ്ര – കേരള സർക്കാരുകളുടെ ജനവിരുദ്ധ നിലപാടുകളിൽ ഉള്ള ജനങ്ങളുടെ പ്രതിഷേധം ആണെന്ന് ബഹ്റൈൻ ഒഐസിസി അഭിപ്രായപെട്ടു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്തു തന്നെ ഐക്യജനാധിപത്യ മുന്നണിയുടെ വിജയം പ്രതീക്ഷിച്ചിരുന്നു. ഇത്ര വലിയ ഭൂരിപക്ഷം ലഭിച്ചത് ജീവിച്ചിരുന്ന ഉമ്മൻചാണ്ടിയെക്കാൾ മരിച്ച ഉമ്മൻചാണ്ടി ജീവിക്കുന്നു എന്നുള്ളതിനുള്ള തെളിവാണ്. ഒരു നിയോജകമണ്ഡലത്തിൽ വേണ്ടതിൽ കൂടുതൽ വികസനം അൻപത്തിമൂന്നു വർഷം കൊണ്ട് പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്ക് ഉണ്ടാക്കി എടുക്കാൻ സാധിച്ചു. പക്ഷെ ചില തെറ്റായ വാർത്തകൾ കൊടുത്തുകൊണ്ട് ഉമ്മൻചാണ്ടിയെയും, യൂ ഡി എഫ് നെയും അപമാനിക്കാൻ ആണ് ഇടതുപക്ഷം ശ്രമിച്ചത്. അതിന് പുതുപ്പള്ളിക്കാർ കൊടുത്തശിക്ഷയാണ് സ്വപ്ന തുല്യമായ ഭൂരിപക്ഷം.കേരളത്തിൽ സർക്കാർ പദ്ധതികൾഎല്ലാം ചില ആളുകൾക്ക് സാമ്പത്തിക ലാഭം ഉണ്ടാക്കാൻവേണ്ടി മാത്രമാണ്. ഇതൊക്കെയായിരുന്നു പുതുപ്പള്ളിയിൽ നടന്ന ചർച്ചകൾ. തുടർഭരണം മൂലം ഉണ്ടായ ദോഷങ്ങൾ കേരളത്തിലെ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന തെരഞ്ഞെടുപ്പ് സെമിഫൈനൽ ആയി കാണുവാൻ ആണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോയ ഈ സർക്കാരിന് എതിരെ ജനങ്ങൾ ഐക്യജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ നൽകിയ ശക്തമായ മുന്നറിയിപ്പ് ആയി കാണുന്നു എന്നും ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം എന്നിവർ അഭിപ്രായപെട്ടു.