മനാമ : ബഹ്റിനിൽ വിൽക്കുന്ന സ്വർണാഭരണങ്ങൾ ഉന്നത ഗുണനിലവാരത്തിലുള്ളതാണെന്ന് ഉറപ്പുവരുത്താൻ അധികൃതർ വ്യാപക പരിശോധന നടത്തി. പരിശോധന നടത്തിയ ചില ജ്വല്ലറികളിൽനിന്ന്മുദ്ര പതിക്കാത്ത ആഭരണങ്ങൾ പിടിച്ചെടുത്തു. കുറ്റക്കാർക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂട്ടർക്ക് കൈമാറി.
വ്യവസായ, വാണിജ്യ, വിനോദസഞ്ചാര മന്ത്രാലയം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം വിവിധ ജ്വല്ലറികളിൽ പരിശോധന നടത്തിയത്.രാജ്യത്തെ വ്യാപാര നിയമങ്ങൾ സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് പരിശോധന നടത്തിയതെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
നിലവാരമുള്ളതാണെന്നും ബഹ്റൈനിൽ നിർമിച്താണെന്നും സാക്ഷ്യപ്പെടുത്തുന്ന മുദ്ര ആഭരണങ്ങളിലുണ്ടാകണമെന്ന് നിയമത്തിൽ പറയുന്നു . പരിശുദ്ധി,തൂക്കം, വില തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തിയ വിശദ ഇൻവോയ്സ് ഉപഭോക്താക്കൾക്ക് നൽകണമെന്ന് നിയമത്തിൽ അനുശാസിക്കുന്നു . ഇത്തരം നിയമങ്ങൾ ജ്വല്ലറികൾ പാലിക്കുന്നെന്ന് ഉറപ്പാക്കാനാണ് പരിശോധന നടത്തിയതെന്നു അധികൃതർ വ്യക്തമാക്കി.
ബഹ്റൈനിലെയും ഗൾഫിലെയും വിപണികളിൽ സ്വർണ വ്യാപാരത്തിലെ രാജ്യത്തിന്റെ ഖ്യാതി സംരക്ഷിക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് കൺട്രോൾ ആൻഡ് റിസോഴ്സസ്അസി. അണ്ടർ സെക്രട്ടറി അബ്ദുൽഅസീസ് അൽ അഷ്റഫ് പറഞ്ഞു.. ജ്വല്ലറികളിൽനിന്ന് ആഭരണങ്ങൾ വാങ്ങുമ്പോൾ ഇൻവോയ്സ് നിർബന്ധമായും ചോദിച്ച് വാങ്ങണമെന്നും സമൂഹമാധ്യമങ്ങളിലൂടെ പ്രചാരം നൽകി പ്രവർത്തിക്കുന്ന അംഗീകാരമില്ലാത്ത ഷോപ്പുകളിൽനിന്ന്ആഭരണങ്ങൾ വാങ്ങരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി . ഇത്തരക്കാർക്കെതിരെ സൈബർ ക്രൈം ഡിപ്പാർട്മെന്റിന്റെ സഹായത്തോടെ ഷോപ്പുകൾക്കെതിരെ നടപടിയെടുക്കും. പരാതികൾ ഉണ്ടെങ്കിൽ 80008001 ഹോട്ലൈൻ നമ്പറിലും 17111225 വാട്സ്ആപ് നമ്പറിലും പൊതുജനങ്ങൾക്ക് പരാതി അറിയിക്കാമെന്നും അധികൃതർ വ്യക്തമാക്കി