ദുബായ് ∙ ദുബായിൽ 2020 ആകുമ്പോഴേക്കും പന്ത്രണ്ട് സ്വകാര്യ ആശുപത്രികൾ കൂടി തുറക്കും. 875 കിടക്കകൾ ഇവിടെ ഉണ്ടാകും. ഇതോടെ എമിറേറ്റിലെ ആകെ സ്വകാര്യ ആശുപത്രികളുടെ എണ്ണം 38 ആയി ഉയരും. ഇതോടൊപ്പം വിവിധ ആശുപത്രികളുടെ നവീകരണം പൂർത്തിയാക്കുകയും ചെയ്യും. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് വരുംവർഷങ്ങളിൽ കൂടുതൽ സ്ഥാപനങ്ങൾ ആരംഭിക്കുമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) അറിയിച്ചു.
ഈ വർഷം സ്വകാര്യ ആരോഗ്യമേഖല നാലു ശതമാനം വളർച്ച കൈവരിച്ചു. ആശുപത്രികൾ, ഫെർട്ടിലിറ്റി കേന്ദ്രങ്ങൾ, വൺഡേ സർജറി കേന്ദ്രങ്ങൾ, ജനറൽ മെഡിക്കൽ കോംപ്ലക്സുകൾ, ദന്താശുപത്രികൾ, ലാബുകൾ, ഫാർമസികൾ, ആരോഗ്യപരിശോധനാ കേന്ദ്രങ്ങൾ തുടങ്ങിയവ ഈ വർഷം ആരംഭിച്ചു. ഇത്തരം കേന്ദ്രങ്ങളുടെ എണ്ണം 3018 ആയി ഉയർന്നു. ദുബായിലെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ ലൈസൻസ് ഉള്ള 36055 ലേറെ ഡോക്ടർമാരുണ്ട്. ഇതിൽ 13594 പേർ പുതുതായി ലൈസൻസ് നേടിയവരാണ്.