ദോഹ:2025ഓടെ ക്യാൻസറിന്റെ സങ്കീർണതകൾ മൂലമുള്ള മരണനിരക്ക് 25 ശതമാനമായി കുറയ്ക്കാ൯ ലക്ഷ്യമിടുന്നതായി പൊതുജനാരോഗ്യ മന്ത്രാലയത്തിലെ നോൺ-മ്യൂണിക്കബിൾ ഡിസീസ് ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോ. ഖോലൂദ് അൽ മുതവ.
സമൂഹത്തിൽ ക്യാൻസറിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ബോധവൽക്കരണത്തിലൂടെ തിരുത്തണമെന്ന് ഖത്തറിലെ നിരവധി ഓങ്കോളജിസ്റ്റുകൾ അഭിപ്രായപ്പെട്ടു. പ്രധാനമായും നേരത്തെയുള്ള കണ്ടെത്തലിന്റെ പ്രാധാന്യം, ലഭ്യമായ ചികിത്സ, അതിജീവിക്കുന്നവർ എന്നിവയെക്കുറിച്ച് കൃത്യമായ ബോധവത്കരണങ്ങൾ നടത്തണമെന്നും അവർ പറഞ്ഞു.
ചികിത്സയുടെ പ്രാധാന്യത്തെക്കുറിച്ചും പൊതു തലത്തിൽ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് പോകുന്നതിനെക്കുറിച്ചും ബോധവൽക്കരണം ഉണ്ടെന്നും മറുവശത്ത്, കാൻസറിനെയും അതിന്റെ സങ്കീർണതകളെയും കുറിച്ച് സമൂഹത്തിലെ പല വിഭാഗങ്ങൾക്കും വലിയ ഭയമുണ്ടെന്നും ഡോ. അൽ മുതവ പറഞ്ഞു.
ബോധവൽക്കരണം നടത്താനും തെറ്റിദ്ധാരണകൾ തിരുത്താനും രോഗം തടയുന്നതിന് നേരത്തെയുള്ള കണ്ടെത്തലിന്റെ പ്രാധാന്യം ഊന്നിപ്പറയാനും മന്ത്രാലയം ശ്രമിക്കുന്നുണ്ട്, അതുമൂലം മെഡിക്കൽ ടീമിന് ക്യാൻസറിനെ അതിന്റെ പ്രാരംഭ ഘട്ടത്തിൽ ചികിത്സിക്കാൻ കഴിയുമെന്ന് അവർ ചൂണ്ടിക്കാട്ടി.
കാൻസറിനെ മരണവുമായി ബന്ധിപ്പിക്കുന്നത് സമൂഹത്തിലെ ഏറ്റവും വലിയ തെറ്റിദ്ധാരണയാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ നാഷണൽ ക്യാൻസർ രജിസ്ട്രി ഡയറക്ടർ അമിദ് അബു ഹുമൈദാൻ പറഞ്ഞു, ക്യാൻസർ സുഖപ്പെടുന്നതിനുള്ള പ്രധാന ഘടകമാണ് നേരത്തെയുള്ള കണ്ടെത്തലും സമയാസമയത്തുള്ള പരിശോധനയും, രോഗി രോഗത്തിന്റെ ഉയർന്ന ഘട്ടങ്ങളിലെത്തിയാൽ ചികിത്സ ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.