ഖത്തർ :സിബിഎസ്ഇ പാഠ്യപദ്ധതി പിന്തുടരുന്ന ഖത്തറിലെ ചില സ്‌കൂളുകൾ 2024-25 അധ്യയന വർഷത്തേക്ക് രാവിലെയും വൈകുന്നേരവുമായി രണ്ടു ഷിഫ്റ്റുകളിലായി പ്രവർത്തിക്കാൻ നീക്കം.മറ്റ് ഇന്ത്യൻ സ്‌കൂളുകളിൽ നിന്ന് ഇൻ്റേണൽ ട്രാൻസ്ഫർ പാടില്ലെന്ന വ്യവസ്ഥയിൽ അഞ്ച് ഇന്ത്യൻ സ്‌കൂളുകൾക്കാണ് ഇതിനുള്ള അനുമതി ലഭിച്ചിരിക്കുന്നത് .
എം.ഇ.എസ്(MES) ഇന്ത്യൻ സ്‌കൂളിലും ദോഹ മോഡേൺ ഇന്ത്യൻ സ്‌കൂളിലും (DMIS) KG1 മുതൽ 8 വരെ ഉച്ചതിരിഞ്ഞുള്ള സെഷനിൽ പ്രവേശനം അനുവദിക്കും.എം.ഇ.എസ് (MES) അബു ഹമൂർ ബ്രാഞ്ച്, ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂൾ (SIS), ഐഡിയൽ ഇന്ത്യൻ സ്‌കൂൾ (IIS) എന്നിവിടങ്ങളിൽ ഒന്നു മുതൽ 8 വരെയുള്ള ക്ലാസുകളിലേക്കും ഉച്ചകഴിഞ്ഞുള്ള ഷിഫ്റ്റിലേക്ക് പ്രവേശനം ലഭ്യമാണ്.ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 7 വരെയാണ് ഈവിനിംഗ് ഷിഫ്റ്റ് പ്രവർത്തിക്കുക.
ഉച്ചകഴിഞ്ഞുള്ള ഷിഫ്റ്റുകൾ ആരംഭിക്കാൻ രണ്ട് കാമ്പസുകൾക്കും വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്ന് അനുമതി ലഭിച്ചതായി എംഇഎസ് പ്രിൻസിപ്പൽ ഹമീദ ഖാദർ സ്ഥിരീകരിച്ചു.സീറ്റ് ലഭ്യതക്കുറവ് കാരണം ഖത്തറിലെ ഒരു സ്‌കൂളിലും പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് മാത്രമാണ് ഈവിനിംഗ് ഷിഫ്റ്റിലേക്ക് പ്രവേശനം അനുവദിക്കുക.ഉച്ചയ്ക്ക് 2 മണി മുതൽ 7 മണി വരെയായി നവംബർ 3 ന് സെഷൻ ആരംഭിക്കുമെന്ന് MES സ്‌കൂൾ മാനേജ്‌മെന്റ് സ്ഥിരീകരിച്ചു.അതേസമയം,വ്യാഴാഴ്ച വരെ ഈവിനിംഗ് ഷിഫ്റ്റുകളിലേക്ക് 4,000 അപേക്ഷകൾ ലഭിച്ചതായി ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂൾ അറിയിച്ചു.പ്രഭാത ഷിഫ്റ്റുകളിലെ ക്ലാസ്സുകൾ മാറ്റമില്ലാതെ തുടരും.
വർഷങ്ങളായി ഖത്തറിലെ പ്രവാസി ഇന്ത്യൻ സമൂഹം നേരിടുന്ന സ്കൂൾ പ്രവേശനത്തിനുള്ള സീറ്റ് ക്ഷാമത്തിന് ഈ തീരുമാനം ഒരു പരിധി വരെ സഹായകമാകും. നിലവിൽ 18 ഓളം ഇന്ത്യൻ വിദ്യാലയങ്ങൾ പ്രവർത്തിക്കുന്ന ഖത്തറിൽ എല്ലാ വിദ്യാലയങ്ങളും മോണിങ് ഷിഫ്റ്റിൽ മാത്രമാണ് പ്രവർത്തിക്കുന്നത്.ഖത്തറിൽ വർധിച്ചുവരുന്ന ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ എണ്ണത്തിനനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാത്തത് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യൻ പ്രവാസി സമൂഹത്തിൽ വലിയ പ്രതിസന്ധിയായിരുന്നു.