ഗാസ: അൽ അഹ്ലി അറബ് ആശുപത്രിക്ക് നേരെയുണ്ടായ ഇസ്രയേൽ ആക്രണണത്തെ അപലപിച്ച് ലോക രാഷ്ട്രങ്ങൾ. ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു. ആയിരങ്ങൾക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ആക്രമണത്തിന് പിന്നിൽ ഇസ്രയേൽ എന്ന് ഉറപ്പിച്ചിരിക്കുകയാണ് പാലസ്തീൻ. എന്നാൽ വ്യോമാക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വാദം. ആക്രമണം അതീവ ദുഃഖകരമെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി .ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഗാസയിലും വെസ്റ്റ് ബാങ്കിലും മൂന്ന് ദിവസത്തെ ദുഃ ഖാചരണം പ്രഖ്യാപിച്ചു.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജോ ബൈഡനുമായുള്ള ചർച്ചകൾ പലസ്തീൻ പ്രസിഡന്റ് മഹ്ബൂദ് അബാസ് റദ്ധാക്കി. ജോ ബൈഡന്റെ ജോർദ്ദാൻ സന്ദർശനം റദ്ധാക്കിയതായി വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. അറബ് രാജ്യങ്ങൾക്കിടയിലും ഇസ്രയേലിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം യുദ്ധക്കുറ്റമെന്ന് ആരോപിച്ച് ജോർദ്ദാൻ രംഗത്തെത്തി. നിഷ്ഠൂരമായ കൂട്ടക്കൊലയെന്ന് ഖത്തർ പ്രതികരിച്ചു . പലസ്തീന് 100 മില്യൺ ഡോളറിന്റെ അടിയന്തിര സഹായം ജിസിസി രാജ്യങ്ങൾ പ്രഖ്യാപിച്ചു. സൈനിക നടപടികൾ നിർത്തിവെയ്ക്കണമെന്നും ജിസിസി രാജ്യങ്ങൾ ആവശ്യപ്പെട്ടു.